ന്യൂഡെൽഹി: മുംബൈയിലെ നിശാക്ളബ് പാർട്ടിയിൽ നടന്ന റെയ്‌ഡിൽ അറസ്‌റ്റിലായ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന വിശദീകരണവുമായി രംഗത്ത്. താൻ സുഹൃത്തിന്റെ ക്ഷണം സ്വീകരിക്കുക മാത്രമാണ് ചെയ്‌തതെന്നും കോവിഡ് പ്രോട്ടോക്കോൾ സമയക്രമം അറിയില്ലായിരുന്നു എന്നുമാണ് റെയ്‌ന പറയുന്നത്.
മുംബൈയിൽ ഒരു ഷൂട്ടിന്റെ ഭാഗമായാണ് റെയ്‌ന എത്തിയത്. ഷൂട്ടിങ് വൈകിയതിനാൽ ഒരു സുഹൃത്ത് അത്താഴത്തിന് ക്ഷണിച്ചപ്പോൾ പോവുകയായിരുന്നു. പ്രാദേശികമായ നിയന്ത്രണങ്ങളെയും സമയക്രമങ്ങളെയും കുറിച്ച് അദ്ദേഹത്തിന് അറിവില്ലായിരുന്നു. അധികാരികൾ അതേകുറിച്ച് സൂചിപ്പിച്ചപ്പോൾ തന്നെ അദ്ദേഹം അത് അനുസരിച്ചു. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തു- ജാമ്യത്തിലിറങ്ങിയ ശേഷം പുറത്തുവിട്ട വാർത്താക്കുറിപ്പിൽ റെയ്‌നയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.
Also Read: കാർഷിക നിയമ പരസ്യത്തിൽ സിഖ് യുവാവിന്റെ ചിത്രം; അനുമതി ഇല്ലാതെയെന്ന് പരാതി
നിയമങ്ങൾ കൃത്യമായി പാലിക്കുന്നതിൽ ഇപ്പോഴും ശ്രദ്ധ പുലർത്തുന്ന അദ്ദേഹം അതേരീതിയിൽ തന്നെ തുടരുന്നതായിരിക്കുമെന്ന് പ്രസ്‌താവനയിൽ പറയുന്നു. മുംബൈയിലെ ഡ്രാഗൺ ക്ളബിൽ നടത്തിയ പരിശോധനയിലാണ് താരത്തെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. റെയ്‌നയോടൊപ്പം ഗായകൻ ഗുരു രൺധാവയേയും പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.