ടെഹ്റാൻ: സമാധാന ചർച്ചകളുടെ ഫലമായി ഇറാനും അമേരിക്കയും വലിയ വിട്ടുവീഴ്ചകൾക്ക് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇറാനിയൻ എണ്ണയുടെ മേലുള്ള ഉപരോധം താൽക്കാലികമായി നീക്കാൻ യുഎസ് തയ്യാറെടുക്കുന്നതായാണ് വിവരം.
ഇതോടെ ഇറാന് അന്താരാഷ്ട്ര വിപണിയിൽ എണ്ണ കയറ്റുമതിക്കുള്ള തടസങ്ങൾ നീങ്ങും. ഈ റിപ്പോർട്ടുകൾ പുറത്തുവന്നതിന് ശേഷം ആഗോള വിപണികൾ ഉണർന്നു. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഉപരോധം നീക്കുന്ന പക്ഷം ക്രൂഡ് ഓയിൽ വിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതുക്കിയ 14ഇന നിർദ്ദേശങ്ങൾ ഇറാൻ അമേരിക്കയ്ക്ക് കൈമാറിയിട്ടുണ്ട്. യുദ്ധത്തിന് നഷ്ടപരിഹാരമെന്ന ആവശ്യത്തിൽ നിന്ന് ഇറാനും പിറകോട്ട് പോകുന്നതായാണ് റിപ്പോർട്ടുകൾ. നഷ്ടപരിഹാരത്തിന് പകരം സാമ്പത്തികമായ ഉപരോധങ്ങൾ നീക്കുന്നത് ഉൾപ്പടെ ഇളവുകൾ മതിയെന്ന് ഇറാൻ സമ്മതിച്ചതായാണ് വിവരം.
ആണവ പദ്ധതി ദീർഘകാലത്തേക്ക് മരവിപ്പിക്കുക, യുറേനിയം ശേഖരം റഷ്യക്ക് കൈമാറുക, പകരമായി ദീർഘകാലത്തേക്ക് ഉടമ്പടി എന്നിവയും ചർച്ചകളിലുണ്ട്. ഇതിനിടെ, ഹോർമുസ് നിയന്ത്രിക്കാനായി ഇറാൻ രൂപം നൽകിയ പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റിയുടെ പുതിയ സോഷ്യൽ മീഡിയ അക്കൗണ്ടുകളും പ്രവർത്തന സജ്ജമായി. 1500 കപ്പലുകളാണ് ഹോർമുസ് കടക്കാൻ കാത്ത് കിടക്കുന്നത്.
Most Read| ശിക്ഷാ കാലാവധി ബുധനാഴ്ച അവസാനിക്കും; അബ്ദുൽ റഹീം ഉടൻ ജയിൽ മോചിതനാകും



































