വാഷിങ്ടൻ: ഇറാനുനേരെ പുതിയ ഭീഷണിയുമായി അമേരിക്ക. ഇറാന്റെ വിമാനക്കമ്പനികൾ അടച്ചുപൂട്ടിക്കുമെന്നാണ് അമേരിക്കയുടെ പുതിയ വെല്ലുവിളി. ഈ ആഴ്‌ച മുതൽ ഇറാൻ വിമാനക്കമ്പനികളുടെ രാജ്യാന്തര പറക്കൽ നിർത്തലാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് മുന്നറിയിപ്പ് നൽകി.
സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ബെസെന്റ് ഇക്കാര്യം പറഞ്ഞത്. യുഎസ്-ഇറാൻ യുദ്ധം ഏഴാം മാസത്തേക്ക് കടക്കുമ്പോഴാണ് പുതിയ ഉപരോധങ്ങൾ ഇറാനുമേൽ ചുമത്താൻ അമേരിക്ക നീക്കം നടത്തുന്നത്. ഇറാൻ വിമാനങ്ങൾക്ക് നേർക്കുള്ള ഉപരോധം എപ്രകാരം നടപ്പിലാക്കുമെന്നും ബെസെന്റ് വിശദീകരിച്ചു.
ഉപരോധത്തിലൂടെ വിമാനങ്ങൾക്ക് വിദേശ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ ഇന്ധനം ലഭിക്കില്ല, ലാൻഡിങ് സേവനങ്ങൾ ലഭിക്കില്ല, ടിക്കറ്റുകൾ വിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാനെ സാമ്പത്തികമായി തകർക്കുക എന്ന ട്രംപിന്റെ പദ്ധതി കൂടിയാണ് ഇതിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്.
വിമാനക്കമ്പനികൾക്ക് സേവനം നൽകുന്ന വിദേശ കമ്പനികൾക്ക് ദ്വിതീയ ഉപരോധം ഏർപ്പടുത്തുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാൻ വിമാനങ്ങൾക്ക് സേവനം നൽകുന്ന വിമാനത്താവളങ്ങൾ, ടിക്കറ്റ് എടുത്തുനൽകുന്ന സ്‌ഥാപനങ്ങൾ, ഇന്ധന വിതരണക്കാർ, വിദേശത്ത് പ്രവർത്തിക്കാൻ സഹായിക്കുന്ന മറ്റു സ്‌ഥാപനങ്ങൾ എന്നിവയെയും യുഎസ് ലക്ഷ്യം വയ്‌ക്കുന്നുണ്ട്. അതേസമയം, പുതിയ ഉപരോധ ഭീഷണിയോട് ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം




































