ന്യൂഡെൽഹി: ക്രിക്കറ്റ് ആരാധകരെ സങ്കടത്തിലാഴ്‌ത്തുന്ന പ്രഖ്യാപനം നടത്തി വിരാട് കോഹ്‌ലി. ഇന്ത്യൻ ടെസ്‌റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്‌ഥാനം ഒഴിയുന്നതായാണ് താരത്തിന്റെ പ്രഖ്യാപനം. ഇൻസ്‌റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് കോഹ്‌ലി സ്‌ഥാനമൊഴിയുന്നതായി അറിയിച്ചത്.
ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്‌റ്റ് പരമ്പര നഷ്‌ടമായ ശേഷമാണ് കോഹ്‌ലിയുടെ ഈ തീരുമാനം.
View this post on Instagram
നേരത്തെ ട്വന്റി-20 ലോകകപ്പിന് ശേഷം കോഹ്‌ലി ഇന്ത്യൻ ട്വന്റി- 20 ടീമിന്റെ ക്യാപ്റ്റൻ സ്‌ഥാനവും ഒഴിഞ്ഞിരുന്നു. ഇതിനു പിന്നാലെ ബിസിസഐ അദ്ദേഹത്തെ ഏകദിന ക്യാപ്റ്റൻ സ്‌ഥാനത്തു നിന്നും മാറ്റിയിരുന്നു. ഇത് പിന്നീട് വിവാദങ്ങൾക്കും ഇടയാക്കി.
ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ പരമ്പരയ്‌ക്ക് മുമ്പ് നടത്തിയ വാർത്താ സമ്മേളനത്തിൽ ചീഫ് സെലക്‌ടറും മറ്റു സെലക്ഷൻ കമ്മിറ്റി അംഗങ്ങളും ചേർന്ന് രോഹിത് ശർമയെ ഏകദിന ക്യാപ്റ്റനായി തിരഞ്ഞെടുത്ത ശേഷമാണ് അക്കാര്യം തന്നെ അറിയിച്ചതെന്നും അതിന് മുമ്പ് താനുമായി ചർച്ച പോലും നടത്തിയില്ലെന്നും കോഹ്‌ലി ചൂണ്ടിക്കാണിച്ചിരുന്നു.
ദക്ഷിണാഫ്രിക്കൻ പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് ഒന്നര മണിക്കൂർ മുമ്പ് മാത്രമാണ് താൻ ഇക്കാര്യം അറിഞ്ഞതെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ കോഹ്‌ലി ടെസ്‌റ്റ് ക്യാപ്റ്റൻ സ്‌ഥാനവും രാജിവെച്ചിരിക്കുകയാണ്.
2014ലാണ് കോഹ്‌ലി എംഎസ് ധോണിയിൽ നിന്നും ടെസ്‌റ്റ് ടീം ക്യാപ്റ്റൻ സ്‌ഥാനം ഏറ്റെടുക്കുന്നത്. തുടർന്ന് ഈ വർഷം വരെ 68 ടെസ്‌റ്റുകളിൽ അദ്ദേഹം ടീമിനെ നയിച്ചു. 40 എണ്ണത്തിൽ ടീം ജയിക്കുകയും ചെയ്‌തു. 58.82 ആണ് കോഹ്‌ലിയുടെ ടെസ്‌റ്റിലെ വിജയശതമാനം.
Most Read: ശൈലജ ടീച്ചർ വെള്ളിത്തിരയിൽ; റിലീസിനൊരുങ്ങി ‘വെള്ളരിക്കാപ്പട്ടണം’