പാലക്കാട്: കോൺഗ്രസ് നേതാവ് വികെ ശ്രീകണ്‌ഠൻ എംപിയുടെ പോസ്‌റ്ററുകൾ വന്ദേഭാരത് ട്രെയിനിൽ പതിച്ച സംഭവത്തിൽ യുവമോർച്ചയുടെ പരാതിയിൽ കേസെടുത്ത് ഷൊർണൂർ റെയിൽവേ പോലീസ്. സംഭവത്തിൽ റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു. പാലക്കാട് ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിൽ വണ്ടി എത്തിയപ്പോഴാണ് കോൺഗ്രസ് പ്രവർത്തകർ ശ്രീകണ്‌ഠന്റെ ചിത്രങ്ങൾ ട്രെയിനിലെ ജനലിൽ ഒട്ടിച്ചത്.
വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിനിന് ഷൊർണൂരിൽ സ്‌റ്റോപ്പ് അനുവദിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തിയ വികെ ശ്രീകണ്‌ഠന് അഭിവാദ്യം അർപ്പിച്ചു കോൺഗ്രസ് പ്രവർത്തകർ പ്ളക്കാർഡുകളുമായി സ്‌റ്റേഷനിൽ എത്തിയിരുന്നു. ട്രെയിൻ സ്‌റ്റേഷൻ വിടുന്നതിന് തൊട്ട് മുമ്പാണ് മഴവെള്ളം കൊണ്ട് നനഞ്ഞ കോച്ചിന് പുറത്ത് ചില പ്രവർത്തകർ ചിത്രങ്ങൾ ഒട്ടിച്ചത്. ആർപിഎഫ് ഉടൻ തന്നെ ഇവ നീക്കം ചെയ്‌തു.
ചിത്രങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ എംപിക്കെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. പൊതുമുതൽ നശിപ്പിച്ചതിന് എംപിക്കെതിരെ കേസെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പോസ്‌റ്റർ ഒട്ടിച്ചവർക്ക് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ചാ ഷൊർണൂർ അർപിഎഫിന് നൽകിയ പരാതിയിൽ അന്വേഷണം തുടങ്ങി. എന്നാൽ, ആരോ ഒട്ടിച്ച പോസ്‌റ്ററിന് തനിക്ക് യാതൊരു ഉത്തരവാദിത്തവും ഇല്ലെന്നാണ് വികെ ശ്രീകണ്‌ഠൻ എംപിയുടെ പ്രതികരണം.
അതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ ക്രമീകരണ ചോർച്ചയിൽ തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് കേസെടുത്തു. ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് സ്വമേധയാ കേസെടുത്തത്. ഇന്റലിജൻസ് മേധാവി തയ്യാറാക്കിയ റിപ്പോർട്ടാണ് ചോർന്നത്. കേസിൽ ഇതുവരെയും ആരെയും പ്രതിചേർത്തിട്ടില്ല.
എഡിജിപി ഇന്റലിജൻസ് തയ്യാറാക്കിയ സുരക്ഷാ സ്‌കീം ചോർന്നത് വലിയ സുരക്ഷാ വീഴ്‌ചയാണ്. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്‌ഥരുടെ പൂർണവിവരങ്ങൾ അടക്കമുള്ള 49 പേജുള്ള റിപ്പോർട്ടാണ് ചോർന്നത്. വിവിഐപി സുരക്ഷയുടെ സമഗ്രവിവരങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനം നടക്കുന്ന ജില്ലകളിലെ മുതിർന്ന പോലീസ് ഉദ്യോഗസ്‌ഥർക്ക് മാത്രമാണ് ഇത് കൈമാറിയിരുന്നത്. ഇതെങ്ങനെ ചോർന്നുവെന്നതാണ് പോലീസിനെ കുഴപ്പിക്കുന്നത്.
പ്രധാനമന്ത്രിക്ക് എതിരെ വിവിധ സംഘടനകളിൽ നിന്നുള്ള ഭീഷണികൾ ഉൾപ്പടെയുള്ള ഇന്റലിജൻസ് വിവരങ്ങളും ചോർന്ന രേഖകളിലുണ്ട്. പുൽവാമയിലെ തീവ്രവാദ ആക്രമണവും, പിഎഫ്ഐ നിരോധിച്ചതിന് ശേഷമുള്ള സാഹചര്യവും ഗൗരവത്തോടെ കണ്ടു സുരക്ഷ ഒരുക്കേണ്ടതിന്റെ ആവശ്യം റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. പ്രധാനമന്തിക്കെതിരെ ചാവേർ ആക്രമണം നടത്തുമെന്ന് ബിജെപി ഓഫീസിലെത്തിയ കത്തും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.
Most Read: മാനനഷ്‌ടക്കേസ്; രാഹുൽ ഗാന്ധി ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു