ന്യൂഡെൽഹി: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധി അടക്കമുള്ള കേരളത്തിലെ എംപിമാർ ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി. വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് നഷ്‌ടപരിഹാരം വിതരണം ചെയ്യുന്നതിനുള്ള കേന്ദ്ര പാക്കേജ് ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടാണ് കേരളത്തിലെ എംപിമാർ ഒന്നിച്ച് അമിത് ഷായെ കണ്ടത്.
കേന്ദ്രസഹായം ഉടൻ ലഭിക്കുമെന്ന് അമിത് ഷാ ഉറപ്പ് നൽകിയതായി വയനാട് എംപി പ്രിയങ്ക ഗാന്ധി അറിയിച്ചു. ”വയനാട്ടിലെ ദുരിതം സംബന്ധിച്ച് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും എംപിമാർ ഒപ്പിട്ട കത്ത് കൈമാറി. വയനാട്ടിൽ വലിയ നാശനഷ്‌ടമാണ് ഉരുൾപൊട്ടൽ മൂലം സംഭവിച്ചത്. ആളുകൾക്ക് എല്ലാം നഷ്‌ടപ്പെട്ടു.
ഒരു നദിയുടെ സമീപത്തുണ്ടായിരുന്ന ഗ്രാമങ്ങൾ പൂർണമായും ഒലിച്ചുപോയി. നാലുമാസം പിന്നിട്ടിട്ടും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് സഹായം ലഭിക്കാതിരുന്നത് രാജ്യത്തിനാകെ മോശമായ സന്ദേശമാണ് നൽകുന്നത്. പ്രധാനമന്ത്രി ദുരിത സ്‌ഥലം നേരിട്ട് സന്ദർശിച്ചിട്ട് പോലും സഹായം അനുവദിച്ചില്ല”- പ്രിയങ്ക ചൂണ്ടിക്കാട്ടി.
”കേന്ദ്ര സഹായം ഉടൻ നൽകണമെന്ന് എംപിമാരുടെ സംഘം ആഭ്യന്തര മന്ത്രിയോട് അഭ്യർഥിച്ചു. അദ്ദേഹം ഞങ്ങൾ പറയുന്നത് വളരെ ശ്രദ്ധയോടെ കേട്ടു. രാഷ്‌ട്രീയത്തിന് അതീതമായാണ് ദുരിതബാധിതർക്ക് വേണ്ടി സംസാരിച്ചത്. വിഷയം ഗൗരവത്തോടെ പരിഗണിക്കുന്നുവെന്നും എന്തുചെയ്യാൻ കഴിയുമെന്ന് പരിശോധിച്ച് നാളെ വൈകിട്ട് മറുപടി പറയാമെന്നും ആഭ്യന്തര മന്ത്രി സമ്മതിച്ചിട്ടുണ്ട്”- പ്രിയങ്ക പറഞ്ഞു.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!