പാലക്കാട്: മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് കാട്ടാന ശല്യം രൂക്ഷം. ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനകൂട്ടം വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതായി കര്‍ഷകര്‍ പരാതിപ്പെട്ടു.
കോട്ടോപ്പാടം പഞ്ചായത്തിലെ തിരുവിഴാംകുന്ന്, കച്ചേരിപറമ്പ്, കണ്ടമംഗലം, കരടിയോട് തുടങ്ങിയ മേഖലകളിലാണ് കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്. രണ്ട് മാസത്തിനിടെ 5000ത്തോളം നേന്ത്ര വാഴകള്‍ കാട്ടാനകൂട്ടം നശിപ്പിച്ചു. ഓണ വിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ വിളവെടുക്കാറായ വാഴകളാണ് ഭൂരിഭാഗവും നശിപ്പിച്ചത്.
തോട്ടങ്ങള്‍ക്ക് ചുറ്റുമുള്ള കമ്പി വേലിയുള്‍പ്പടെ ആനകൾ തകര്‍ത്തു. തെങ്ങും കവുങ്ങുമടക്കമുള്ള കാര്‍ഷിക വിളകളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. ഇതോടെ ഭൂമി പാട്ടത്തിനെടുത്തും വായ്‌പയെടുത്തും കൃഷിയിറക്കുന്ന കര്‍ഷകര്‍ ദുരിതത്തിലായി.
ജീവനും സ്വത്തിനും ഭീഷണിയായ കാട്ടാനകൂട്ടത്തെ തുരത്തുന്നതിന് വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാട്ടാന ശല്യം മൂലം പാടശേഖരങ്ങള്‍ തരിശിടേണ്ട നിലയാണെന്നും കർഷകർ പറയുന്നു.
Malabar News: മലബാറിലെ റെയില്‍, വ്യോമഗതാഗതം; വികസന പദ്ധതികൾ ഉടൻ പൂർത്തിയാക്കും