ലണ്ടൻ: ക്യൂഎസ് ഏർപ്പെടുത്തിയ ലോക യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ ഇന്ത്യയിൽ നിന്ന് ആദ്യ ഇരുന്നൂറിൽ മൂന്ന് സ്‌ഥാപനങ്ങൾ ഇടംപിടിച്ചു. ഫാക്കൽറ്റി സൂചകങ്ങൾ അനുസരിച്ച് ലോകത്തിലെ ഏറ്റവും മികച്ച ഗവേഷണ സർവകലാശാലയായി ബെംഗളുരുവിലെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസിനെ തിരഞ്ഞെടുത്തു. ഗുവാഹത്തിയിലെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഈ വിഭാഗത്തിൽ 41ആം സ്‌ഥാനം നേടി.
ലണ്ടൻ ആസ്‌ഥാനമായുള്ള ക്വാക്വരെലി സൈമണ്ട്സ് (ക്യുഎസ്) നടത്തിയ വിശകലനത്തിൽ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി) ഫാക്കൽറ്റി വിഭാഗത്തിൽ 100ൽ 100 എന്ന മികച്ച സ്‌കോർ നേടി.
മൊത്തം റാങ്കിംഗിൽ മൂന്ന് ഇന്ത്യൻ സ്‌ഥാപനങ്ങൾ ആദ്യ ഇരുന്നൂറിൽ ഇടം നേടിയിട്ടുണ്ട്. ആദ്യ ആയിരത്തിൽ ഇന്ത്യയിൽ നിന്നുള്ള 22 സ്‌ഥാപനങ്ങളും ഉണ്ട്. മുംബൈയിലെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി)യാണ് ഇന്ത്യയിലെ ഏറ്റവും മികച്ച സ്‌ഥാപനമായത്. തുടർച്ചയായ നാലാം വർഷമാണ് മുംബൈ ഐഐടി ഈ നേട്ടത്തിലേക്ക് എത്തിയത്.
എന്നാൽ കഴിഞ്ഞ വർഷം ആഗോള തലത്തിൽ 172ആം റാങ്ക് ഉണ്ടായിരുന്ന മുംബൈ ഐഐടി ഇക്കുറി അഞ്ച് സ്‌ഥാനങ്ങൾ താഴേക്കിറങ്ങി 177ലാണ് എത്തി നിൽക്കുന്നത്. ഡെൽഹി ഐഐടി ഇന്ത്യയിലെ രണ്ടാമത്തെ മികച്ച സർവകലാശാലയായി മാറി, കഴിഞ്ഞ വർഷം 193ആം റാങ്കിൽ ആയിരുന്ന സ്‌ഥാപനം ഇക്കുറി നില മെച്ചപ്പെടുത്തി 185ലേക്ക് കയറി.
ലോകത്തിലെ മികച്ച ഗവേഷണ സ്‌ഥാപനമായി തിരഞ്ഞെടുത്ത ഐഐഎസ്‌സി ബെംഗളൂരു ആഗോള യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ 186ആം സ്‌ഥാനത്താണ് നിലവിൽ (മികച്ച ഗവേഷണ സ്‌ഥാപനത്തിനുള്ള പട്ടിക പ്രത്യേകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്).
മുംബൈ, ഡെൽഹി ഐഐടികൾ, ഐഐഎസ്‌സി ബെംഗളൂരു എന്നിവയാണ് ആഗോള റാങ്കിംഗിൽ ആദ്യ ഇരുനൂറിലുള്ള ഇന്ത്യയിലെ സ്‌ഥാപനങ്ങൾ. കേരളത്തിൽ നിന്നും ഒരു സ്‌ഥാപനവും പട്ടികയിൽ ഇടംപിടിച്ചിട്ടില്ല. ചെന്നൈ ഐഐടി 20 സ്‌ഥാനങ്ങൾ ഉയർന്ന് 255ആം സ്‌ഥാനത്താണ് ഉള്ളത്. ഐഐടി ഗുവാഹത്തി, ഹൈദരാബാദ്, ഖോരക്പോർ എന്നിവയും ആദ്യ ആയിരം സ്‌ഥാപനങ്ങളുടെ പട്ടികയിലുണ്ട്.
Read Also: വാക്‌സിൻ വിതരണം; കേന്ദ്രത്തിന് യാതൊരു ധാരണയും ഇല്ലെന്ന് ജയറാം രമേശ്