ന്യൂഡെൽഹി: കേന്ദ്രഭരണ പ്രദേശമായ ലേ ലഡാക്കിനെ ജമ്മു കശ്മീരിന്റെ ഭാഗമാക്കി കാണിക്കുന്ന ഭൂപടം പങ്കുവെച്ചതിൽ ട്വിറ്ററിനെതിരെ നോട്ടീസ് അയച്ച് കേന്ദ്ര സർക്കാർ. സംഭവത്തിൽ വിശദീകരണം നൽകാൻ അഞ്ച് ദിവസമാണ് ഇലക്ട്രോണിക്സ് ഐടി മന്ത്രാലയം ട്വിറ്ററിന് അനുവദിച്ചിരിക്കുന്നത്. തൃപ്തികരമായ വിശദീകരണം നൽകാൻ കഴിഞ്ഞില്ലെങ്കിൽ ട്വിറ്ററിന് വിലക്കേർപ്പെടുത്തുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാരിന് കഴിയും. ആറ് മാസം തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചേർത്ത് കേസെടുക്കാനും കഴിയുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി.
Also Read: പശ്ചിമ ബംഗാള് ബിജെപി അധ്യക്ഷന് നേരെ കല്ലേറ്
നവംബർ 9നാണ് ട്വിറ്ററിന്റെ ഗ്ളോബൽ വൈസ് പ്രസിഡണ്ടിന് കേന്ദ്രം നോട്ടീസ് അയച്ചത്. തെറ്റായ ഭൂപടം പങ്കുവെച്ചത് വഴി ട്വിറ്റർ മനപ്പൂർവം ഇന്ത്യയെ അപമാനിക്കുകയായിരുന്നു എന്ന് നോട്ടീസിൽ പറയുന്നു. നേരത്തെ ലഡാക്കിന്റെ തലസ്ഥാനമായ ലേയെ ചൈനയുടെ ഭാഗമാക്കിയ ഭൂപടം ട്വിറ്റർ പങ്കുവെച്ചിരുന്നു. തുടർന്ന്, വിഷയം ചൂണ്ടിക്കാട്ടി ഐടി മന്ത്രാലയം ട്വിറ്റർ സിഇഒ ജാക്ക് ഡോർസെക്ക് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിഷ്കരിച്ച ഭൂപടം അവർ വീണ്ടും പങ്കുവെച്ചിരുന്നു. എന്നാൽ, ചൈനയിൽ നിന്ന് മാറ്റിയ ലഡാക്ക് ജമ്മു കശ്മീരിന്റെ ഭാഗമായാണ് പ്രത്യക്ഷപ്പെട്ടത്. ഇതേ തുടർന്നാണ് കേന്ദ്രം വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്.
ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും മാനിക്കാത്ത രീതിയിലുള്ള സമീപനം സ്വീകാര്യമല്ലെന്നും നിയമ വിരുദ്ധമാണെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം ഓഗസ്റ്റ് അഞ്ചിനാണ് ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയത്. കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ 370ആം അനുഛേദം റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തിരുന്നു.































