കോഴിക്കോട്: ഹോട്ടലിൽ നിന്ന് പാഴ്‌സലായി വാങ്ങിയ ബിരിയാണിയിൽ പുഴുവിനെ കണ്ടെന്ന് പറഞ്ഞ് യുവാവിന്റെ അതിക്രമം. കോഴിക്കോട് രാമനാട്ടുകരയിലെ എയർപോർട് റോഡിൽ പാലക്കൽ ബിരിയാണി സെന്ററിലാണ് സംഭവം. ബിരിയാണിയിൽ പുഴുവുണ്ടെന്ന് ആരോപിച്ച് ഹോട്ടലിലെത്തി ബഹളമുണ്ടാക്കിയ യുവാവ് ബിരിയാണി ചെമ്പ് റോഡിലേക്ക് വലിച്ചെറിഞ്ഞു. രാമനാട്ടുകര സ്വദേശിയായ യുവാവാണ് ഹോട്ടലിലെത്തി അതിക്രമം നടത്തിയത്.
ഇന്നലെ വൈകിട്ടാണ് സംഭവം. യുവാവ് ഹോട്ടലിൽ നിന്ന് ബിരിയാണി പാഴ്‌സൽ വാങ്ങിയിരുന്നു. വൈകിട്ട് വീണ്ടും ഹോട്ടലിലെത്തിയ യുവാവ് ബിരിയാണിപ്പൊതിയിൽ പുഴുവുണ്ടെന്ന് ആരോപിച്ച് ബഹളം വെക്കുകയായിരുന്നു. തുടർന്ന്, ഹോട്ടലുടമ പാഴ്‌സൽ ബിരിയാണി പരിശോധിച്ച് പുഴുവല്ലെന്നും എണ്ണയിൽ പൊരിഞ്ഞ അരിമണിയാണെന്നും പറഞ്ഞ് യുവാവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, ഇത് അംഗീകരിക്കാതെ യുവാവ് മുനിസിപ്പാലിറ്റിയിലെ ഹെൽത്ത് ഇൻസ്‌പെക്‌ടറീ കൂട്ടി വന്ന് ബിരിയാണി പരിശോധിപ്പിക്കുകയായിരുന്നു.
തുടർന്ന്, ബിരിയാണി പരിശോധിച്ച ഹെൽത്ത് ഇൻസ്‌പെക്‌ടർ പുഴുവല്ലെന്നും അരിമണിയാണെന്നും സ്‌ഥിരീകരിച്ചു. എന്നാൽ, ഇതൊന്നും ചെവി കൊള്ളാതെ യുവാവ് ഹോട്ടലിലെ എട്ട് കിലോയുടെ ബിരിയാണി ചെമ്പ് റോഡിലേക്ക് വലിച്ചെറിഞ്ഞു. ഇതോടെ സ്‌ഥലത്ത് സംഘർഷാവസ്‌ഥയായി. ഹോട്ടലുടമയുടെ പരാതിയിൽ ഫറോക്ക് പോലീസെത്തി യുവാവിനെ കൊണ്ടുപോയി. നശിപ്പിച്ച ബിരിയാണിയുടെ പണം നൽകി സംഭവം ഒത്തുതീർപ്പാക്കാനുള്ള ശ്രമത്തിലാണ് യുവാവ്.
Most Read: മുല്ലപ്പെരിയാർ അണക്കെട്ട്; ജലനിരപ്പ് വീണ്ടും ഉയർന്നു