മസ്‌കത്ത്: പ്രവാസികൾക്ക് തിരിച്ചടിയായി സ്വദേശിവൽക്കരണം ശക്‌തമാക്കാനൊരുങ്ങി ഒമാൻ. പ്രവാസികൾക്ക് പകരം സ്വദേശികളെ നിയമിക്കുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുകയും ചെയ്യുന്നതിനുള്ള മാർഗരേഖ അധികൃതർ തയ്യാറാക്കി. ഘട്ടംഘട്ടമായി സമ്പൂർണ സ്വദേശിൽവൽക്കരണം നടപ്പാക്കുമെന്ന് ഗതാഗത, ആശയവിനിമയം വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചു.
ഗതാഗതം, ലോജിസ്‌റ്റിക്‌സ്, കമ്മ്യൂണിക്കേഷൻസ്, ഐടി തുടങ്ങിയ മേഖലകളിലാണ് സ്വദേശിവൽക്കരണം കൊണ്ടുവരുന്നത്. 2025 ജനുവരി മുതൽ സ്വദേശിവൽക്കരണ പദ്ധതികൾ ആരംഭിക്കും. 2027 അവസാനം വരെ തുടരും. ഇതിന് മുന്നോടിയായി തൊഴിൽ മന്ത്രാലയവുമായി ഏകോപിപ്പിച്ചു ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കും.
ഓരോ വർഷത്തേക്കും ലക്ഷ്യങ്ങളും നിശ്‌ചയിച്ചതായി മന്ത്രാലയം അറിയിച്ചു. 2024ൽ ഗതാഗതം, ലോജിസ്‌റ്റിക്‌സ് മേഖലയിൽ 20 ശതമാനവും കമ്മ്യൂണിക്കേഷൻസ്, ഐടി മേഖലയിൽ 31 ശതമാനവുമാണ് സ്വദേശിവൽക്കരണം ലക്ഷ്യമിടുന്നതെന്ന് ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രി എൻജി. സഈദ് ബിൻ ഹമൂദ് അൽ മാവേലി പറഞ്ഞു. ചില തൊഴിലുകൾ ഒമാനികൾക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്യും.
2040ഓടെ ഈ മേഖലകളിലെ പ്രഫഷണൽ ജോലികൾ സ്വദേശിവൽക്കരിക്കുകയാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഈ മേഖലകളിൽ യോഗ്യരായ ഒമാനി കേഡർമാരെ പ്രവാസികൾക്ക് പകരം വെയ്‌ക്കാനാണ് സ്വദേശിവൽക്കരണത്തിലൂടെ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്‌തമാക്കി. ഗതാഗതം, ലോജിസ്‌റ്റിക്‌സ് മേഖലയുടെ പ്രാരംഭ സ്വദേശിവൽക്കരണ നിരക്കുകൾ 2025 മുതൽ 20 ശതമാനം മുതൽ 50 ശതമാനം വരെ ആയിരിക്കും.
ക്രമേണ ഇത് നൂറുശതമാനം വരെ എത്തിക്കും. ആശയവിനിമയ, വിവരസാങ്കേതിക മേഖലയിലെ സ്വദേശിവൽക്കരണ നിരക്ക് 2026ഓടെ 50 മുതൽ നൂറുശതമാനം വരെ ആയിരിക്കും. മലയാളികൾ ഉൾപ്പടെ ആയിരക്കണക്കിന് പ്രവാസികൾക്ക് തിരിച്ചടിയാകുന്നതാണ് മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. ഗതാഗതം, ലോജിസ്‌റ്റിക്‌സ്, കമ്മ്യൂണിക്കേഷൻസ്, ഐടി മേഖലകളിലായി നിരവധി പ്രവാസികളാണ് ഒമാനിൽ ജോലി ചെയ്യുന്നത്. സ്വകാര്യ മേഖലയിൽ കൂടി സ്വദേശിവൽക്കരണം ബാധകമാകുന്നതിനാൽ വിദേശികളെ ഇത് സാരമായി ബാധിക്കും.
Most Read| ലൗറ്റാരോ മാർട്ടിനസിന്റെ വിജയഗോൾ; അർജന്റീനയ്‌ക്ക് കോപ്പ അമേരിക്ക കിരീടം