ന്യൂഡെൽഹി: രാജ്യത്ത് ഇരുപത് വർഷത്തിനിടെ റിപ്പോർട് ചെയ്‌ത കസ്‌റ്റഡി മരണങ്ങളിൽ ശിക്ഷിക്കപ്പെട്ടത് വെറും 26 പോലീസുകാരെന്ന് ക്രൈം റോക്കോർഡ്‌സ് ബ്യൂറോ. 1800ലധികം കസ്‌റ്റഡി മരണമാണ് ഈ കാലയളവിൽ രാജ്യത്ത് റിപ്പോർട് ചെയ്‌തത്. ഇതിൽ 893 പോലീസുകാർക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തെങ്കിലും ശിക്ഷിക്കപ്പെട്ടത് രണ്ട് ശതമാനം പേർ.
2001നും 2020നും ഇടയിലെ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ പുറത്തുവിട്ട വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് ഇംഗ്ളീഷ് ദിനപത്രത്തിന്റെ ഞെട്ടിക്കുന്ന റിപ്പോർട്. ഇരുപത് വർഷത്തിനിടെ പോലീസ് കസ്‌റ്റഡിയിലിരിക്കെ മരിച്ചത് 1888 പേർ. ഇതിൽ 1185 പേർ റിമാൻഡിലിരിക്കെയും 703 പേർ റിമാൻഡല്ലാത്ത സാഹചര്യത്തിലുമാണ് മരിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
893 പോലീസുകാർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതിൽ 358 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. എന്നാൽ കസ്‌റ്റഡി മരണവുമായി ബന്ധപ്പെട്ട് ഇതുവരെ ശിക്ഷിക്കപ്പെട്ടത് വെറും 26 പോലീസുകാർ മാത്രമാണ്. മരണം റിപ്പോർട് ചെയ്‌ത് എത്ര വർഷത്തിന് ശേഷമാണ് ശിക്ഷ നടപ്പിലായതെന്ന വിവരങ്ങൾ ലഭ്യമല്ല.
അതേസമയം, കഴിഞ്ഞ വർഷം മാത്രം രാജ്യത്താകെ 76 കസ്‌റ്റഡി മരണം റിപ്പോർട് ചെയ്‌തിട്ടുണ്ട്. ഏറ്റവും കൂടുതൽ കസ്‌റ്റഡി മരണം നടന്നത് ഗുജറാത്തിലാണ്. 15 പേരാണ് ഇവിടെ പോലീസ് കസ്‌റ്റഡിയിലിരിക്കെ മരിച്ചത്. കേരളവും തമിഴ്‌നാടും ഉൾപ്പടെ പതിനഞ്ച് സംസ്‌ഥാനങ്ങളിൽ കഴിഞ്ഞ വർഷം കസ്‌റ്റഡി മരണം റിപ്പോർട് ചെയ്‌തിരുന്നു.
Read Also: തേങ്ങ ഉടയ്‌ക്കുന്നത് ക്ഷേത്രകാര്യം; ആചാരങ്ങളിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി