മുംബൈ: മെയ് മാസത്തിലെ ആദ്യ ഏഴ് ദിവസത്തിൽ രാജ്യത്തെ ഊർജ ഉപഭോഗത്തിലും വൻ വളർച്ച. 25 ശതമാനമാണ് വർധനവ് രേഖപ്പെടുത്തിയത്. 26.24 ബില്യൺ യൂണിറ്റാണ് ഏഴ് ദിവസത്തെ ഉപഭോഗം. 2020ലെ മെയ് മാസത്തിലെ ആദ്യ ഏഴ് ദിവസത്തിൽ 21.05 ബില്യൺ യൂണിറ്റ് മാത്രമായിരുന്നു ഇത്. 2020 മെയ് മാസത്തിലാകെ 102.08 ബില്യൺ യൂണിറ്റായിരുന്നു ഉപഭോഗം.
2020 മെയ് മാസത്തിൽ ഏറ്റവും കൂടുതൽ ഉപഭോഗം രേഖപ്പെടുത്തിയത് 166.22 ഗിഗാവാട്ടായിരുന്നു. എന്നാൽ ഇക്കുറി മെയ് ആറിന് 168.78 ഗിഗാവാട്ട് വൈദ്യുതി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഏപ്രിൽ മാസത്തിൽ ഊർജ ഉപഭോഗം 119.27 ബില്യൺ യൂണിറ്റായിരുന്നു. 2020 ഏപ്രിൽ മാസത്തെ അപേക്ഷിച്ച് 41 ശതമാനമായിരുന്നു വർധനവ്.
2019 ഏപ്രിൽ മാസത്തിൽ 110.11 ബില്യൺ യൂണിറ്റ് വൈദ്യുതി ഉപയോഗിക്കപ്പെട്ടപ്പോൾ അടച്ചിടൽ മൂലം വ്യവസായ ശാലകൾ ഉൾപ്പടെ പ്രവർത്തനം നിലച്ച 2020 ഏപ്രിലിൽ ഉപഭോഗം കുത്തനെ ഇടിഞ്ഞിരുന്നു. 84.55 ബില്യൺ യൂണിറ്റിലേക്കാണ് വൈദ്യുതി ഉപഭോഗം കൂപ്പുകുത്തിയത്. ആ വർഷം മെയ് മാസത്തിലും സമാനമായ ഇടിവ് രേഖപ്പെടുത്തി. 102.08 ബില്യൺ യൂണിറ്റ് മാത്രമായിരുന്നു ഉപഭോഗം.
Read Also: കുതിച്ചുയർന്ന് പെട്രോൾ വില; മഹാരാഷ്ട്രയിലും 100 കടന്നു