ന്യൂഡെല്‍ഹി : രാജ്യത്ത് ആകമാനം കര്‍ഷക പ്രക്ഷോഭങ്ങള്‍ അരങ്ങേറുമ്പോള്‍ കാര്‍ഷിക ബില്ലുകള്‍ നാളെ തന്നെ രാജ്യസഭയില്‍ കൊണ്ടുവരാന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബില്ലിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ ശക്തമാകുകയാണ്. ബില്ലിനെതിരെ വോട്ട് ചെയ്യുമെന്ന് ടിആര്‍എസും പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്ത് അരങ്ങേറുന്ന കാര്‍ഷിക പ്രക്ഷോഭങ്ങളെ പാടെ അവഗണിച്ചു കൊണ്ടാണ് കേന്ദ്രം നാളെ രാജ്യസഭയില്‍ ബില്ലുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ബില്ലിനെതിരെ വോട്ട് ചെയ്യുമെന്ന് അകാലിദള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ കൂടുതല്‍ പാര്‍ട്ടികള്‍ പ്രതിഷേധവുമായി മുന്നോട്ട് വരികയാണ്. 243 അംഗ രാജ്യസഭയില്‍ ഇപ്പോള്‍ 113 അംഗങ്ങളുടെ പിന്തുണയാണ് എന്‍ഡിഎക്ക് ഉള്ളത്. ബില്ല് പാസാക്കാനായുള്ള സമവായ ചര്‍ച്ചകളും നടക്കുന്നുണ്ട്. കോണ്‍ഗ്രസ് ഒഴികെയുള്ള പാര്‍ട്ടികളുമായാണ് ചര്‍ച്ചകള്‍ നടക്കുന്നത്. രാജ്യസഭയില്‍ ബിജെഡി, വൈആര്‍എസ് കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ കൂടി ബില്ലിനെ എതിര്‍ത്താല്‍ എന്‍ഡിഎക്ക് ബില്ല് പാസാക്കുക അസാധ്യമാകും.
കോണ്‍ഗ്രസും ബില്ലിനെതിരെ ശക്തമായി മുന്നോട്ട് വന്നിട്ടുണ്ട്. അധാര്‍മിക നിലപാടാണ് സര്‍ക്കാര്‍ ഇപ്പോള്‍ എടുക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇതിനിടയില്‍ കര്‍ഷകരുടെ പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്കിയ അടിയന്തിര പ്രമേയം രാജ്യസഭാ അധ്യക്ഷന്‍ തള്ളി. കാര്‍ഷിക ബില്ലുകള്‍ പാസായാല്‍ താങ്ങുവില ഇല്ലാതാകില്ലെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ ട്വിറ്ററിലല്ല ഈ ഉറപ്പ് നല്‍കേണ്ടതെന്നും പാര്‍ലമെന്റില്‍ ഈ ഉറപ്പ് നല്‍കണമെന്നും അകാലിദള്‍ നേതാവ് സുഖ്നീര്‍ സിംഗ് ബാദല്‍ ആവശ്യപ്പെട്ടു.
Read also : 72 ദിവസത്തിന് ശേഷം തിരികെ ജീവിതത്തിലേക്ക്; ഈ അതിജീവനം എല്ലാവര്ക്കും മാതൃക