വയനാട്: ജില്ലയിലെ 25 വാർഡുകളിലും 3 നഗരസഭാ ഡിവിഷനുകളിലും സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് കളക്ടർ എ ഗീത. ഡബ്ള്യുഐപിആർ 10ൽ കൂടുതലുള്ള വാർഡുകളിലും നഗരസഭാ ഡിവിഷനുകളിലുമാണ് ഇപ്പോൾ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളിൽ ഇന്ന് മുതൽ ഒരാഴ്ചത്തേക്കാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്.
സമ്പൂർണ ലോക്ക്ഡൗണുള്ള ഏറ്റവും കൂടുതൽ വാർഡുകൾ ഉള്ളത് തരിയോട് പഞ്ചായത്തിലാണ്. ഇവിടുത്തെ 6 വാർഡുകളിലാണ് സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടുള്ളത്. ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സ്ഥലങ്ങളിൽ അവശ്യ സർവീസുകൾ മാത്രമാണ് അനുവദിക്കുക. പൊതുഗതാഗതം ഉൾപ്പടെയുള്ള മറ്റ് സേവനങ്ങൾ നിർത്തിവെക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
കൂടാതെ സ്റ്റേഷൻ ഹൗസ് ഓഫിസർമാരുടെ അനുമതിയോടെ മുൻകൂട്ടി നിശ്ചയിച്ച വിവാഹ ചടങ്ങുകൾ നടത്താം. സംസ്കാര ചടങ്ങുകൾ ഒഴികെയുള്ള പൊതു സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ ചടങ്ങുകൾക്ക് അനുമതി ഉണ്ടായിരിക്കില്ല. അതേസമയം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കാർഷിക ജോലികളും, തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ജോലികളും ചെയ്യാമെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ ബാങ്കുകൾ, അക്ഷയ കേന്ദ്രങ്ങൾ, ജനസേവന കേന്ദ്രങ്ങൾ, മലഞ്ചരക്ക് കടകൾ, വളം–കീടനാശിനി കടകൾ എന്നിവക്കും മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തുറന്നു പ്രവർത്തിക്കാവുന്നതാണ്.
Read also: എം സ്വരാജിന്റെ തോൽവി; പ്രാദേശിക ഘടകത്തിനെതിരെ നിലപാട് കടുപ്പിച്ച് സംസ്ഥാന നേതൃത്വം