ന്യൂഡെല്‍ഹി: രാജ്യത്ത് ബിജെപിയുടെ പരാജയമാണ് സിപിഐഎമ്മിന്റെ മുഖ്യലക്ഷ്യമെന്ന് പാർട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിജെപിയെ പരാജയപ്പെടുത്താനും ഒറ്റപ്പെടുത്താനും ഊന്നിയുള്ള പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ആയിരിക്കും പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരടു പ്രമേയമെന്നും യെച്ചൂരി അറിയിച്ചു.
കണ്ണൂരില്‍ നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള റിപ്പോര്‍ട്ടുകളെ സംബന്ധിച്ചുള്ള ചർച്ചക്കാണ് പോളിറ്റ് ബ്യൂറോ ചേര്‍ന്നത്. പാർട്ടിയെ സ്വതന്ത്രമായി ശക്തിപ്പെടുത്തുകയും സ്വതന്ത്രമായ രാഷ്ട്രീയ ഇടപെടലുകള്‍ക്കുള്ള ശേഷി വര്‍ധിപ്പിക്കുകയുമാണ് പ്രധാന ലക്ഷ്യം. ഓരോ സംസ്ഥാനങ്ങളിലേയും സാഹചര്യമനുസരിച്ച് ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് എതിരെ വോട്ടുകള്‍ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുമെന്നും എല്ലാ തിരഞ്ഞെടുപ്പു കാലത്തും ഫെഡറല്‍ മുന്നണി, മൂന്നാം മുന്നണി എന്ന ചര്‍ച്ചകള്‍ ഉയര്‍ന്നു വരാറുണ്ടെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
Read also: താലിബാൻ അനുകൂല പോസ്റ്റ്; പ്രതികൾക്ക് ജാമ്യം