ഒമാൻ: ട്വന്റി 20 ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ മൽസരത്തിൽ പാപ്പുവ ന്യൂ ഗിനിയയെ തകർത്ത് ഒമാന് ജയം. 10 വിക്കറ്റിനാണ് ഒമാൻ ജയം ഉറപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാപ്പുവ ന്യൂ ഗിനിയ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് നേടി. എന്നാൽ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാൻ 13.4 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ ലക്ഷ്യം മറികടന്നു.
43 പന്തിൽ 5 ബൗണ്ടറിയും 1 സിക്സറുമടക്കം 50 റൺസ് നേടിയ ആഖിബ് ഇല്യാസും, 42 പന്തിൽ 7 ബൗണ്ടറിയും 4 സിക്സറുമടക്കം 73 റൺസ് നേടിയ ജതീന്ദർ സിങ്ങും ഒമാനെ അനായാസം വിജയത്തിലേക്ക് എത്തിച്ചു.
പാപ്പുവ ന്യൂ ഗിനിയക്ക് വേണ്ടി നായകൻ ആസാദ് വാല 56 റൺസെടുത്ത് പുറത്തായി. ചാൾസ് അമിനി 26 പന്തിൽ 37 റൺസെടുത്ത് പുറത്തായതോടെ ഗിനിയയുടെ തകർച്ച ആരംഭിച്ചു. ഒമാന് വേണ്ടി നായകനും സ്പിന്നറുമായ സീഷാൻ മഖ്സൂദ് നാല് വിക്കറ്റ് വീഴ്ത്തി. ബിലാൽ ഖാൻ, കലീമുള്ള എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
Also Read: രാമക്ഷേത്രം സന്ദർശിക്കുന്ന ആദിവാസികൾക്ക് 5,000 രൂപ; പ്രഖ്യാപനവുമായി ഗുജറാത്ത് മന്ത്രി