ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,38,018 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച റിപ്പോർട് ചെയ്തതിനെക്കാൾ 7 ശതമാനം കുറവാണ് ഇന്നത്തെ രോഗബാധയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒരു ദിവസത്തിനിടെ 310 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 486,761 ആയി.
അതേസമയം രാജ്യത്തെ രോഗമുക്തി നിരക്ക് 94.09 ശതമാനമായി കുറഞ്ഞു. 1,57,421 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡിൽ നിന്നും മുക്തി നേടിയത്.
കേരളത്തിലും രോഗവ്യാപനം ഉയരുകയാണ്. കഴിഞ്ഞ ദിവസം 69,373 സാമ്പിൾ പരിശോധനയ്ക്ക് വിധേയമാക്കിയതിൽ 22,946 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവർ 5,280 പേരും കോവിഡ് മരണം സ്ഥിരീകരിച്ചത് 18 പേർക്കുമാണ്.
3.75 കോടി ആളുകൾക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
രാജ്യത്തെ ഒമൈക്രോൺ കേസുകളുടെ എണ്ണവും ഉയരുകയാണ്. 8,891 കേസുകളാണ് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ടത്.
അതേസമയം രാജ്യത്ത് വാക്സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ 158 കോടി വാക്സിൻ ഡോസുകളാണ് രാജ്യത്തുടനീളം വിതരണം ചെയ്തത്.
Most Read: ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും