മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിന് നേരെയുള്ള രാഷ്ട്രീയ വൈരാഗ്യം തീര്ക്കാര് കേന്ദ്രസര്‍ക്കാര്‍ ആദായനികുതി വകുപ്പിനെ ഉപയോഗിക്കുന്നതായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നേതാക്കള്‍ക്കെതിരെ കരുതിക്കൂട്ടി ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ റെയ്ഡ് നടത്തുന്നുവെന്നാണ് റാവത്തിന്റെ ആരോപണം.
ആദായ നികുതി വകുപ്പ് ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമേ നിലവിലുള്ളോ എന്ന് പരിഹസിച്ച അദ്ദേഹം എന്തുകൊണ്ടാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തരം റെയ്ഡുകള്‍ നടക്കാത്തതെന്നും ചോദിച്ചു.
ബിഎംസി തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ ആദായനികുതി വകുപ്പ് ബിഎംസി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്റെ ഉടമസ്ഥതയിലുള്ള വീടുകളിലും സ്ഥാപനങ്ങളിലും വ്യാപകമായ റെയ്ഡ് നടത്തിയത് വാര്‍ത്തയായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ശിവസേന നേതാവിന്റെ പ്രതികരണം.
മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പുകള്‍ അടുത്ത് വന്നപ്പോഴേക്കും ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രം നിലവിലുള്ള ആദായനികുതി വകുപ്പ് മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലും റെയ്ഡുകള്‍ ആരംഭിച്ചെന്ന് റാവത്ത് പറഞ്ഞു.
പരിശോധനകള്‍ എത്ര വേണമെങ്കിലും നടക്കട്ടേയെന്നും ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Most Read: റഷ്യ വഴിയുള്ള രക്ഷാദൗത്യത്തിന് ഇടപെടണം; പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി