മലപ്പുറം: കോട്ടക്കലിൽ നിർമാണത്തിനിടെ കിണർ ഇടിഞ്ഞു രണ്ടു തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു. കോട്ടക്കൽ പൊട്ടിപ്പാറ സ്വദേശികളായ അലി അക്ബർ, അഹദ് എന്നിവരാണ് മണ്ണിനടിയിൽപ്പെട്ടത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനിടെ ഒരാളെ രക്ഷപ്പെടുത്തി. അഹദിനെയാണ് രക്ഷപ്പെടുത്തിയത്. അലിയെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.
ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം ഉണ്ടായത്. 25 അടിയോളം താഴ്ചയുള്ള കിണറിൽ ജോലി എടുക്കുന്നതിനിടെ ആയിരുന്നു അപകടം. മുകളിൽ നിന്ന് മണ്ണിടിഞ്ഞു കിണറ്റിലേക്ക് വീഴുകയായിരുന്നു. മലപ്പുറത്ത് നിന്നുള്ള അഗ്നിരക്ഷാ സേനയും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മണ്ണ് നീക്കുന്നതിനിടെ വീണ്ടും ഇടിയുന്നത് രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ട്.
Most Read: കെഎസ്ആർടിസി കൺസെഷൻ നിയന്ത്രണം; നീചമായ നടപടിയെന്ന് കെ സുരേന്ദ്രൻ