മുംബൈ: കൊവിഡ് വാക്സിന് ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടെന്ന് കോടതിയിൽ തുറന്ന് സമ്മതിച്ചതിന് പിന്നാലെ വാക്സിനുകൾ വിപണിയിൽ നിന്ന് പിൻവലിച്ച് യുകെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്ട്രോസെനക. വ്യവസായ കാരണങ്ങളാലാണെന്നാണ് കമ്പനിയുടെ വിശദീകരണം.
ഉൽപ്പാദനവും വിതരണവും പൂർണമായി അവസാനിക്കുന്നതായി കമ്പനി അറിയിച്ചു. മാർക്കറ്റിൽ അവശേഷിക്കുന്ന സ്റ്റോക്കുകൾ തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. കൊവിഡ് സമയത്ത് ഇന്ത്യയിലും ലോകത്തെ മറ്റു രാജ്യങ്ങളിലും വ്യാപകമായി വിതരണം ചെയ്ത കോവിഷീൽഡ്, വാക്സ്വെരിയ എന്നീ വാക്സിനുകളുടെ നിർമാതാക്കളാണ് അസ്ട്രോസെനക.
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുമായി ചേർന്നാണ് അസ്ട്രോസെനക ഈ വാക്സിനുകൾ വികസിപ്പിച്ചത്. ഇന്ത്യൻ സിറം ഇൻസ്റ്റിറ്റ്യൂട്ട് കോവിഷീൽഡ് എന്ന പേരിലാണ് ഇത് പുറത്തിറക്കിയത്. കമ്പനി നിർമിച്ച വാക്സിനുകൾ ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധിപ്പേർ പരാതിപ്പെടുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
യുകെയിലാണ് കൂടുതൽ പാർശ്വഫലങ്ങൾ കണ്ടെത്തിയതും കമ്പനിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതും. 2021 ഏപ്രിൽ 21ന് യുകെ സ്വദേശിയായ ജെയ്മി സ്കോട്ടിന് വാക്സിൻ എടുത്തതിന് പിന്നാലെ മസ്തിഷ്കാഘാതം സംഭവിച്ചതോടെയാണ് നിയമനടപടികൾ ആരംഭിച്ചത്.
വാക്സിൻ എടുത്ത ശേഷം തന്റെ രക്തം കട്ടപിടിക്കുന്നതായും രക്തത്തിലെ പ്ളേറ്റ്ലെറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നതായും മെഡിക്കൽ റിപ്പോർട്ടുകൾ സഹിതമാണ് ജാമി സ്കോട്ട് നിയമനടപടി ആരംഭിച്ചത്. ഏറെനാൾ പിന്നിട്ട നിയമയുദ്ധത്തിന് ഒടുവിലാണ് ഇപ്പോൾ നിർമാതാക്കൾ തങ്ങളുടെ പിഴവ് തുറന്ന് സമ്മതിക്കുന്നത്.
യുകെ ഹൈക്കോടതിയിൽ നടക്കുന്ന കേസിൽ, ആദ്യം വാക്സിന് പാർശ്വഫലങ്ങൾ ഇല്ലെന്ന് വാദിച്ച കമ്പനി, പിന്നീട് ആ നിലപാട് മാറ്റി വാക്സിൻ ചില അവസരങ്ങളിൽ ഗുരുതര പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന് തുറന്ന് സമ്മതിക്കുകയായിരുന്നു. അപൂർവം അവസരങ്ങളിൽ മസ്തിഷ്കാഘാതം, ഹൃദയാഘാതം എന്നിവക്ക് കാരണമാകാമെന്നാണ് കമ്പനി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.
Most Read| ഊട്ടി-കൊടൈക്കനാൽ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി








































