ന്യൂഡെൽഹി: രാജ്യത്ത് വ്യാജ പേവിഷ വാക്‌സിൻ പ്രചരിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സ്‌ഥിരീകരണം. ആന്റിറേബീസ് വാക്‌സിൻ എടുത്തിട്ടും പേവിഷബാധയേറ്റുള്ള മരണങ്ങൾ കേരളത്തിൽ ഉൾപ്പടെ വിവാദമായ പശ്‌ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം.
റേബീസ് വാക്‌സിനെതിരെ ആരോപണം ഉയർന്നതിനെ തുടർന്ന് സെൻട്രൽ ഡ്രഗ്‌സ് സ്‌റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ സംസ്‌ഥാനങ്ങളിലെ ലൈസൻസിങ് അതോറിറ്റിയുമായി ചേർന്ന് അന്വേഷണം നടത്തിയതായി ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേൽ രാജ്യസഭയെ അറിയിച്ചു. വ്യാജ ആന്റിറേബീസ് മരുന്ന് വിറ്റതിന് ഒരാൾ അറസ്‌റ്റിലായി. എന്നാൽ, അറസ്‌റ്റ് ഏത് സംസ്‌ഥാനത്താണെന്ന് മന്ത്രി വ്യക്‌തമാക്കിയിട്ടില്ല.
‘അഭയറാബ്’ എന്ന ഇന്ത്യൻ നിർമിത ആന്റിറേബീസ് വാക്‌സിനെതിരെയാണ് ആരോപണം ഉയർന്നത്. ഇതിന്റെ വ്യാജ പതിപ്പിനെക്കുറിച്ച് 2023ൽ ഓസ്‌ട്രേലിയയും മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യയിലായിരിക്കെ ഈ മരുന്ന് കുത്തിവെച്ച ഓസ്‌ട്രേലിയൻ പൗരന് പേവിഷബാധ റിപ്പോർട് ചെയ്‌തതിനെ തുടർന്നായിരുന്നു ജാഗ്രതാ നിർദ്ദേശം.
സർക്കാർ ഉടമസ്‌ഥതയിലുള്ള ഇന്ത്യൻ ഇമ്യൂണോളജിക്കൽസ് ലിമിറ്റഡിന്റെ ഈ മരുന്ന് കേരളത്തിൽ ഉൾപ്പടെ വിതരണം ചെയ്യുന്നുണ്ട്. ഡെൽഹി, അഹമ്മദാബാദ്, ലഖ്‌നൗ തുടങ്ങിയ ഇടങ്ങളിൽ നിന്ന് കഴിഞ്ഞ മാർച്ചിൽ വ്യാജ പതിപ്പുകൾ പിടിച്ചെടുത്തിരുന്നു.
വാക്‌സിനുകൾ, ആന്റിമൈക്രോബിയലുകൾ, സൈക്കോട്രാപിക് വസ്‌തുക്കൾ തുടങ്ങി എല്ലാ മരുന്നുകളും പൂർണമായും ക്യൂആർ സംവിധാനത്തിന് കീഴിലാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിനുള്ള നടപടികൾ 2024ൽ തുടങ്ങിയതായും 75% മരുന്നുകളിലും ക്യൂആർ നിലവിൽ വന്നതായും മന്ത്രാലയം വ്യക്‌തമാക്കി.
Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ






































