ന്യൂഡെൽഹി: ഇന്ത്യ-യുഎസ് വ്യാപാരക്കരാർ സംബന്ധിച്ച ഇരു രാജ്യങ്ങളുടെയും സംയുക്ത പ്രസ്താവന അഞ്ചുദിവസത്തിനുള്ളിൽ പുറത്തിറങ്ങും. വിപുലമായ ഉഭയകക്ഷി കരാറിന്റെ നിയമപരമായ ചട്ടക്കൂടും ഇതോടൊപ്പമുണ്ടാകും. ഉഭയകക്ഷി കരാറിന്റെ ആദ്യഭാഗം ഏറെക്കുറെ തയ്യാറാണെന്നാണ് വിവരം.
നാലോ അഞ്ചോ ദിവസങ്ങൾക്കുള്ളിൽ കരാർ സംബന്ധിച്ച സംയുക്ത പ്രസ്താവന ഇരുരാജ്യങ്ങളും പുറത്തിറക്കുമെന്ന് വാണിജ്യമന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു. സംയുക്ത പ്രസ്താവനയ്ക്ക് ശേഷം തീരുവ 18 ശതമാനമാക്കി കുറച്ചുകൊണ്ട് യുഎസ് ഉത്തരവ് പുറപ്പെടുവിക്കും.
അതേസമയം, ഊർജം, സാങ്കേതിക മേഖലകളിൽ ഏകദേശം 50,000 കോടി ഡോളറിന്റെ ഉൽപ്പന്നങ്ങൾ ഇന്ത്യ ഇറക്കുമതി ചെയ്യുമെന്ന യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ വാദം പരോക്ഷമായി മന്ത്രി സമ്മതിച്ചു. ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വളർച്ചയുടെ അടിസ്ഥാനത്തിൽ ഊർജ, വിവരസാങ്കേതിക വാർത്താവിനിമയ മേഖലകളിലും ഡേറ്റാ സെന്റർ ഉപകരണങ്ങളുടെ കാര്യത്തിലും ഭാവിയിൽ വലിയതോതിലുള്ള ആവശ്യം ഇന്ത്യക്ക് വരുമെന്നും മന്ത്രി പറഞ്ഞു.
മാർച്ച് പകുതിയോടെ ആയിരിക്കും കരാറിൽ ഒപ്പുവെക്കുന്നത്. 25% പകരം തീരുവയ്ക്ക് പുറമെ റഷ്യൻ എണ്ണ വാങ്ങുന്നതിന് യുഎസ് ചുമത്തിയ 25% അധികം തീരുവയും ചേർത്ത് ആകെ 50% തീരുവയാണ് ഇന്ത്യക്കുമേൽ ഓഗസ്റ്റിൽ ചുമത്തിയിരുന്നത്. കരാർ പ്രവർത്തികമാകുന്നതോടെ തീരുവ 50ൽ നിന്ന് 18 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ







































