തിരുവനന്തപുരം: മഹിളാ കോൺഗ്രസ് നേതാവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥിയുമായിരുന്ന ആർ.രശ്‌മി ബിജെപി അംഗത്വം സ്വീകരിച്ചു. മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് രശ്‌മി അംഗത്വം സ്വീകരിച്ചത്.
സിപിഎം വിട്ട് കോൺഗ്രസിനൊപ്പം എത്തിയ ആയിഷ പോറ്റിയെ കൊട്ടാരക്കരയിൽ യുഡിഎഫ് സ്‌ഥാനാർഥിയാക്കുന്നതിൽ വിയോജിച്ചാണ് രശ്‌മി പാർട്ടി വിട്ടന്നതെന്നാണ് സൂചന. 2021ൽ കൊട്ടാരക്കരയിൽ യുഡിഎഫ് സ്‌ഥാനാർഥിയായി മൽസരിച്ചിട്ടുള്ള രശ്‌മി ഇക്കുറിയും സീറ്റ് പ്രതീക്ഷിച്ചിരുന്നു.
എന്നാൽ, അപ്രതീക്ഷിതമായാണ് ആയിഷ പോറ്റി കോൺഗ്രസിലെത്തിയത്. ഇതോടെ രശ്‌മി രണ്ട് നിബന്ധനകൾ കോൺഗ്രസ് നേത്യത്വത്തിന് മുന്നിൽ വെച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉണ്ടായ സാമ്പത്തിക ബാധ്യത പാർട്ടി തീർക്കണമെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ ബോർഡ് കോർപറേഷൻ സ്‌ഥാനങ്ങൾ ഏതെങ്കിലുമൊന്ന് നൽകണമെന്നുമായിരുന്നു രശ്‌മിയുടെ ആവശ്യം.
എന്നാൽ, കോൺഗ്രസ് നേതൃത്വം ഈ ആവശ്യങ്ങൾ അംഗീകരിക്കാതിരുന്നതോടെയാണ് രശ്‌മി പാർട്ടിവിട്ട് ബിജെപിയിൽ ചേരാൻ തീരുമാനിച്ചത്. ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന രശ്‌മി 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കെഎൻ ബാലഗോപാലിനെതിരെയാണ് യുഡിഎഫ് സ്‌ഥാനാർഥിയായി മൽസരിച്ചത്.
Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ







































