തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ നിയനസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. സഭയിൽ ബാനറും പ്ളക്കാർഡുമായി പ്രതിപക്ഷം പ്രതിഷേധിച്ചതോടെ സ്‌പീക്കർ ചോദ്യോത്തര വേള റദ്ദാക്കി. പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.
സഭയിൽ നിസഹകരണം തുടരുമെന്ന് പ്രതിപക്ഷത്തിനായി സംസാരിച്ചു തുടങ്ങിയ കെ. ബാബു പറഞ്ഞു. തന്ത്രിയുടെ വക്കാലത്ത് ഏറ്റെടുത്താണ് പ്രതിപക്ഷം സംസാരിക്കുന്നതെന്ന് എംബി. രാജേഷും പി. രാജീവും ഉൾപ്പടെയുള്ള മന്ത്രിമാർ മറുപടി നൽകി. തുടർന്നാണ് ചോദ്യോത്തരവേള റദ്ദാക്കിയത്. ഇതോടെയാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്.
പ്രതിപക്ഷം സ്വന്തമായി ഒരു ആക്ഷേപവും പറഞ്ഞില്ലെന്ന് കെ. ബാബു പറഞ്ഞു. കോടതി പറഞ്ഞ കാര്യം പറഞ്ഞെന്നെ ഉള്ളൂ. തന്ത്രിയെ 40 ദിവസം ജയിലിലിട്ടതിന്റെ ഉത്തരവാദിത്തം ആർക്കാണ്. വിശ്വാസികളോട് സർക്കാർ ഉത്തരം പറയണം. സർക്കാർ വീഴ്‌ചകൊണ്ട് മാത്രമാണ് സ്വർണക്കൊള്ള കേസിൽ പ്രതികൾ പുറത്തിറങ്ങുന്നത്.
യുവതി പ്രവേശനത്തിന് സഹകരിക്കാത്തതിന്റെ പ്രതികാരമാണ് തന്ത്രിയോട് തീർത്തത്. ദേവസ്വം മന്ത്രി രാജിവെച്ചാൽ പ്രശ്‌നം തീരുമെന്നും സഭ സുഗമമായി മുന്നോട്ട് പോകുമെന്നും കെ. ബാബു പറഞ്ഞു. സ്വർണക്കൊള്ള കേസിൽ ഇന്നലെയും പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചിരുന്നു. പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധിച്ചത്.
Most Read| തറയിൽ വീണ റോസാപൂക്കളോ! പിങ്ക് നിറത്തിൽ വിസ്‌മയമായി മഹർലൂ തടാകം






































