വാഷിങ്ടൻ: ആഗോള ഊർജവിപണി സ്‌ഥിരപ്പെടുത്തുന്നതിനായി റഷ്യൻ എണ്ണയുടെ ഇറക്കുമതിക്ക് ഏർപ്പെടുത്തിയ നിരോധനത്തിൽ താൽക്കാലിക ഇളവ് വരുത്താൻ സാധ്യതയുണ്ടെന്ന് യുഎസ്. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തണമെന്ന ആവശ്യം ഇന്ത്യ പാലിച്ചെന്നും ഇന്ത്യ മികച്ച പങ്കാളിയാണെന്നും യുഎസ് വിശേഷിപ്പിച്ചു.
പശ്‌ചിമേഷ്യയിലെ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടെയാണ് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യ റിഫൈനറികൾക്ക് അനുമതി നൽകുന്നതിനായി 30 ദിവസത്തെ താൽക്കാലിക ഇളവ് നൽകിയതായി യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് വെള്ളിയാഴ്‌ച പ്രഖ്യാപിച്ചിരുന്നു. ആഗോള എണ്ണ വിതരണത്തിൽ ഹ്രസ്വകാല തടസങ്ങൾ ഒഴിവാക്കുന്നതിനാണ് ഈ അനുമതി നൽകിയതെന്ന് ബെസെന്റ് പറഞ്ഞു.
”ഇന്ത്യ വളരെ നല്ല പങ്കാളിയാണ്. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ ഞങ്ങൾ അവരോട് ആവശ്യപ്പെട്ടിരുന്നു. അവർ അത് ചെയ്‌തു. അവർ പകരം യുഎസ് എണ്ണ വാങ്ങാൻ തീരുമാനിച്ചിരുന്നു. എണ്ണയുടെ താൽക്കാലിക ക്ഷാമം കണക്കിലെടുത്ത് റഷ്യൻ എണ്ണ വാങ്ങാൻ ഞങ്ങൾ അനുമതി നൽകിയിട്ടുണ്ട്. റഷ്യൻ എണ്ണയുടെ മറ്റു നിരോധനങ്ങളും നീക്കം ചെയ്‌തേക്കാം”- ബെസെന്റ് ഫോക്‌സ് ബിസിനസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ദക്ഷിണേഷ്യയിൽ ഇതിനകം കപ്പലുകളിലുള്ള റഷ്യൻ എണ്ണ വിപണിയിൽ എത്തിച്ചു ഉടനടി വിതരണം ഉറപ്പാക്കാനും സംഘർഷത്തിനിടയിൽ എണ്ണ പ്രതിസന്ധിയിൽ ആശ്വാസമാകുമെന്ന് യുഎസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റും പറഞ്ഞു.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം









































