ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ട്വന്റി 20 ലോകകപ്പ് ടീമിൽ ഇടംപിടിച്ച് മലയാളി താരം സഞ്ജു സാംസൺ. സഞ്ജു ഉൾപ്പടെ നാല് ഇന്ത്യൻ താരങ്ങളാണ് 12 അംഗ ടീമിലുള്ളത്. ഇഷാൻ കിഷൻ, ഹർദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര എന്നീ താരങ്ങളും ടീമിലെത്തി.
ലോകകപ്പിൽ അഞ്ച് മൽസരങ്ങൾ മാത്രം കളിച്ച സഞ്ജു മൂന്ന് അർധസെഞ്ചറികൾ ഉൾപ്പടെ 321 റൺസെടുത്ത് ടൂർണമെന്റിലെ താരമായിരുന്നു. ഇതിന് പിന്നാലെയാണ് ഐസിസി ടീമിലും സ്ഥാനം ലഭിച്ചത്. എയ്ഡൻ മാർക്രം ക്യാപ്റ്റനായുള്ള ടീമിൽ ഓപ്പണിങ് ബാറ്ററും വിക്കറ്റ് കീപ്പറുമാണ് സഞ്ജു. അതേസമയം, ഇന്ത്യക്കെതിരെ ഫൈനൽ കളിച്ച ന്യൂസിലൻഡ് ടീമിൽ നിന്ന് ആരും പട്ടികയിൽ ഇല്ല.
പാക്കിസ്ഥാന്റെ സഹിബ്സദ ഫർഹാനാണ് സഞ്ജുവിനൊപ്പം ഐസിസി ടീമിലെ ഓപ്പണർ. ലോകകപ്പിന്റെ തുടക്കത്തിൽ ഇന്ത്യൻ ടീമിൽ ഇടം പിടിക്കാതിരുന്ന സഞ്ജു, വെസ്റ്റിൻഡീസിനെതിരായ സൂപ്പർ എട്ട് പോരാട്ടത്തിൽ 97 റൺസെടുത്ത് പുറത്താകാതെ നിന്നതോടെയാണ് ലോകകപ്പിൽ ഗംഭീര തിരിച്ചുവരവ് നടത്തിയത്.
സെമി ഫൈനലിൽ ഇംഗ്ളണ്ടിനെതിരെയും ഫൈനലിൽ ന്യൂസിലൻഡിനെതിരെയും 89 റൺസ് വീതം നേടി പുറത്തായി. ട്വന്റി 20 ലോകകപ്പിൽ തുടർച്ചയായി മൂന്ന് ഇന്നിങ്സുകളിൽ 80ന് മുകളിൽ സ്കോർ കണ്ടെത്തുന്ന രണ്ടാമത്തെ മാത്രം ബാറ്ററാണ് സഞ്ജു. അതേസമയം, ഇന്ത്യയെ ലോകകപ്പ് വിജയിപ്പിച്ച ക്യാപ്റ്റൻ യാദവിന് ടീമിൽ ഇടം ലഭിച്ചില്ല.
ഐസിസിയുടെ ടീം ഓഫ് ദ് ടൂർണമെന്റ്- സഹിബ്സദ ഫർഹാൻ (പാക്കിസ്ഥാൻ), സഞ്ജു സാംസൺ, ഇഷാൻ കിഷൻ, എയ്ഡൻ മാർക്രം (ക്യാപ്റ്റൻ ദക്ഷിണാഫ്രിക്ക), ഹാർദിക് പാണ്ഡ്യ, വിൽ ജാക്സ് (ഇംഗ്ളണ്ട്), ജേസൺ ഹോൾഡർ (വെസ്റ്റിൻഡീസ്), ജസ്പ്രീത് ബുമ്ര, ലുങ്കി എൻഗിഡി (ദക്ഷിണാഫ്രിക്ക), ആദിൽ റഷീദ് (ഇംഗ്ളണ്ട്), ബ്ളേസിങ് മുസരബനി (സിംബാബ്വെ), ഷാഡ്ലി വാൻ ഷക്വിക് (യുഎസ്).
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല







































