
കുട്ടിക്കാലം മുതലുള്ള ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് കോട്ടയങ്കാട്ടിലെ അദ്വൈത്. അച്ഛനെ പോലെ കാക്കിയണിഞ്ഞ് പോലീസ് സേനയിൽ ചേരണമെന്നതായിരുന്നു അദ്വൈതിന്റെ ചെറുപ്പം മുതലുള്ള ആഗ്രഹം. ഒടുവിൽ, പോലീസ് അസി. കമ്മീഷണറായ അച്ഛന്, സിപിഒ ആയി പാസ് ഔട്ടായ മകന്റെ ആദ്യ സല്യൂട്ട് ലഭിച്ചു.
ചൊവ്വാഴ്ച തൃശൂരിൽ നടന്ന പോലീസ് കോൺസ്റ്റബിൾമാരുടെ പാസിങ് ഔട്ട് പരേഡിലൂടെ കേരള പോലീസിന്റെ ഭാഗമായി അദ്വൈത് മാറിയപ്പോൾ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥനായ അച്ഛൻ അശോകനും കുടുംബത്തിനും അത് അഭിമാന നിമിഷമായി മാറി.
കൊച്ചി സിറ്റി ട്രാഫിക് പോലീസ് അസ്റ്റിസ്റ്റന്റ് കമ്മീഷണറായ എലവഞ്ചേരി കോട്ടയങ്കാട് സ്വദേശി ആർ. അശോകന്റെയും പനങ്ങാട്ടിരി എയുപി സ്കൂൾ അധ്യാപികയായ ഷാജിമോളുടെയും മകനാണ് അദ്വൈത്. ചൊവ്വാഴ്ചത്തെ പാസിങ് ഔട്ട് പരേഡിന് ശേഷം യൂണിഫോമിൽ അച്ഛന് മുമ്പിൽ സല്യൂട്ടുമായി അദ്വൈത് എത്തിയപ്പോൾ സേനയിലെ മറ്റു ഉദ്യോഗസ്ഥർക്കും കൗതുകമായി.
2004ൽ അശോകൻ സബ് ഇൻസ്പെക്ടർ ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡിൽ പങ്കെടുത്ത വേളയിൽ കുട്ടിയായിരുന്ന അദ്വൈത് കൗതുകത്തോടെ അച്ഛന്റെ തൊപ്പി തൊട്ടുനോക്കുന്ന ചിത്രം അന്നത്തെ പത്രങ്ങളിൽ ഇടംപിടിച്ചിരുന്നു. 22 വർഷങ്ങൾക്കിപ്പുറം മകനെ അതേ വേഷത്തിൽ കണ്ട ആത്മനിർവൃതിയിലാണ് അച്ഛൻ.
സ്കൂൾ പഠനകാലം മുതൽ തന്നെ ടെക്നിക്കൽ വിഷയങ്ങളിൽ ഏറെ താൽപ്പരനായ അദ്വൈത്, മെക്കാനിക് പോലീസ് കോൺസറ്റബിൾ തസ്തികയിലാണ് ജോലിയിൽ പ്രവേശിച്ചിട്ടുള്ളത്. അമ്മയ്ക്കും അച്ഛനുമൊപ്പം അമൃത ഇൻസ്റ്റിറ്റ്യൂട്ടിൽ ബിഎസ്സി അഗ്രികൾച്ചർ വിദ്യാർഥിനിയായ സഹോദരി അമൃതശ്രിയും അദ്വൈതിന് കട്ട സപ്പോർട്ടായി കൂടെയുണ്ട്.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ





































