പാലക്കാട്: വടക്കന്തറയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്‌ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ മൂന്നുപേർക്കെതിരെ കേസെടുത്ത് പോലീസ്. പാലക്കാട് നഗരസഭയിലെ ബിജെപി അംഗം സിന്ധു രാജനും ബന്ധുക്കളായ രണ്ടുപേർക്കുമെതിരെയാണ് ടൗൺ നോർത്ത് പോലീസ് കേസെടുത്തത്.
പാലക്കാട് ബ്ളോക്ക് കോൺഗ്രസ് പ്രസിഡണ്ട് സിവി. സതീഷിന്റെ പരാതിയിലാണ് നടപടി. യുഡിഎഫ് സ്‌ഥാനാർഥിയുടെ പ്രചാരണം തടഞ്ഞു, വോട്ട് ചോദിക്കരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾക്കാണ് കേസെടുത്തിട്ടുള്ളത്. കേസെടുത്ത വിവരം പോലീസ് പാലക്കാട് നിയമസഭാ മണ്ഡലം വരണാധികാരിയെ അറിയിക്കും. തിരഞ്ഞെടുപ്പ് കമ്മീഷനും കോൺഗ്രസ് പരാതി നൽകിയിട്ടുണ്ട്.
സ്‌ഥാനാർഥി ഉൾപ്പടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും തുടർനടപടി. ബുധനാഴ്‌ച രാത്രിയാണ് വടക്കന്തറ മനയ്‌ക്കൽത്തൊടിയിൽ വോട്ട് അഭ്യർഥിക്കാനെത്തിയ യുഡിഎസ് സ്‌ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞത്. സംഭവത്തിന് മറുപടി ജനം വോട്ടിലൂടെ നൽകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി. വേണുഗോപാൽ എംപി പറഞ്ഞിരുന്നു.
Most Read| 5 വർഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് 15 ലക്ഷം പേർക്ക്; 122 മരണം








































