വാഷിങ്ടൻ: ലബനനിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. പത്തുദിവസത്തേക്കാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇന്ത്യൻ സമയം നാളെ പുലർച്ചെ 3.30 മുതൽ വെടിനിർത്തൽ നിലവിൽ വരും.
യുഎസ്- ഇറാൻ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ ഇസ്രയേൽ ലബനന് നേരെ ആക്രമണം ശക്‌തമാക്കിയിരുന്നു. ലബനന് നേരെ ഇസ്രയേൽ ആക്രമണം തുടരുകയാണെങ്കിൽ വെടിനിർത്തൽ കരാർ പുനഃപരിശോധിക്കുമെന്ന് ഇറാൻ വ്യക്‌തമാക്കിയിരുന്നു. ഇതിന് പിന്നാലെ നടന്ന യുഎസ്-ഇറാൻ സമാധാന ചർച്ച പരാജയപ്പെടുകയും ചെയ്‌തിരുന്നു.
ലബനനിൽ വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇറാനുമായുള്ള ചർച്ചക്ക് വീണ്ടും വഴിയൊരുങ്ങും. ലബനനിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ഇറാൻ നിർബന്ധം പിടിച്ചിരുന്നു. തെക്കൻ ലബനനിൽ നിലയുറപ്പിച്ചിരിക്കുന്ന സൈന്യത്തോട് രാത്രി ഏഴിനും അർധരാത്രിക്കും ഇടയിൽ വെടിനിർത്തലിന് തയ്യാറെടുക്കാൻ ഉന്നത ഐഡിഎഫ് കമാൻഡർമാർ നിർദ്ദേശം നൽകി.
ലബനനിൽ ശാശ്വത സമാധാനവും സ്‌ഥിരതയും ഉറപ്പാക്കാൻ ട്രംപ് നടത്തുന്ന ശ്രമങ്ങൾക്ക് പ്രസിഡണ്ട് ഔൺ നന്ദി അറിയിച്ചതായും ലബനൻ പ്രസിഡൻസിയുടെ പ്രസ് ഓഫീസ് പ്രസ്‌താവനയിൽ പറഞ്ഞു. അതിനിടെ, ഇറാനെതിരെയുള്ള കപ്പൽ ഉപരോധം അമേരിക്ക വ്യാപിപ്പിച്ചു. നിയമവിരുദ്ധമെന്ന് കരുതുന്ന ചരക്കുകൾ കൂടി ഉൾപ്പെടുത്തിയാണ് ഉപരോധം വിപുലീകരിച്ചത്.
ഇറാനിയൻ തീരത്തേക്ക് എത്താൻ ശ്രമിക്കുന്നതായി സംശയിക്കുന്ന ഏതൊരു കപ്പലിനെയും തടഞ്ഞുനിർത്താനും പരിശോധിക്കാനുമുള്ള അവകാശം അമേരിക്കക്ക് ഉണ്ടാകുമെന്ന് യുഎസ് നേവി അറിയിച്ചു. ഇറാനെതിരെയുള്ള നാവിക ഉപരോധം ആവശ്യമായ കാലത്തോളം തുടരുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വ്യക്‌തമാക്കി.
Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം







































