തിരുവനന്തപുരം: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രികൾ പൊട്ടിത്തെറിച്ചുണ്ടായ അപകടം മായാളികൾക്ക് ഒരു ഓർമപ്പെടുത്തൽ കൂടിയാണ്. പത്തുവർഷം മുൻപ് ഇതേ മാസമാണ് കേരളത്തെ ഞെട്ടിച്ച കൊല്ലം പുറ്റിങ്ങൽ വെടിക്കെട്ട് അപകടവും നടന്നത്.
110 പേരുടെ ജീവൻ പൊലിഞ്ഞ അപകടത്തിൽ നിന്ന് അത്‌ഭുതകരമായി രക്ഷപ്പെട്ടയാളാണ് കണ്ണൻ. തൃശൂരിലെ അപകട പശ്‌ചാത്തലത്തിൽ നടുക്കുന്ന ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. കഴക്കൂട്ടം മഹാദേവ ക്ഷേത്രത്തിലെ താൽക്കാലിക ജീവനക്കാരനാണ് ഇപ്പോൾ കണ്ണൻ. വെടിക്കെട്ടുകൾ പൂർണമായും ഒഴിവാക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
”2016 ഏപ്രിൽ പത്ത്. അന്ന് വെടിക്കെട്ട് തൊഴിലാളി ആയിരുന്നു. വെളുപ്പിന് മൂന്നരയ്‌ക്ക് അമിട്ട് കൊണ്ടുപോകുമ്പോഴാണ് അമ്പപ്പുരയിലേക്ക് തീപ്പൊരി വീണ് പൊട്ടിത്തെറി ഉണ്ടാകുന്നത്. പിന്നെ ഒന്നും ഓർമയില്ല. അഞ്ചു ദിവസം കഴിഞ്ഞാണ് ബോധം തെളിഞ്ഞത്. അത്യാഹിത വിഭാഗത്തിൽ എത്തിച്ചപ്പോൾ മരിച്ചുവെന്നാണ് എല്ലാവരും പറഞ്ഞത്.
തുടർന്ന് പോസ്‌റ്റുമോർട്ടം ചെയ്യാനായി ഹാളിൽ എത്തിച്ചപ്പോഴാണ് കൈ അനങ്ങുന്നത് ആരോ കണ്ടത്. ഉടൻ തന്നെ ഐസിയുവിലേക്ക് മാറ്റി. 46% പൊള്ളലേറ്റിരുന്നു. 100 കഷ്‌ണം കല്ലുകളാണ് ശരീരത്തിൽ നിന്ന് എടുത്തത്. പത്തുവർഷമായിട്ടും ചെരുപ്പ് ഇടാൻ പറ്റില്ല. ഇപ്പോഴും കേസിലെ പ്രതിയാണ്. ഇന്നും വേദനയുടെ അനുഭവം പേറിയാണ് ജീവിക്കുന്നത്.
ഈ ഒരു അവസ്‌ഥ ആർക്കും വരാൻ ആഗ്രഹിക്കുന്നില്ല. ഇപ്പോഴും പേടിയാണ്. ക്ഷേത്രങ്ങളിൽ വെടിക്കെട്ട് നടക്കുമ്പോൾ മുന്നിൽ ഉണ്ടായിരുന്ന ഞാൻ ഇപ്പോൾ ദൂരേക്ക് ഓടിമാറുന്ന അവസ്‌ഥയാണ്. മൽസരക്കമ്പങ്ങളും വെടിക്കെട്ടുകളും പൂർണമായും ഒഴിവാക്കണമെന്നാണ് തന്റെ അഭിപ്രായം”- കണ്ണൻ പറഞ്ഞു.
Most Read| ‘ഭീകരർക്ക് മുന്നിൽ ഇന്ത്യ തലകുനിക്കില്ല’; പഹൽഗാം ഭീകരാക്രമണത്തിന് ഒരാണ്ട്





































