തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് സ്‌ഫോടനത്തിൽ കാണാതായ നാലുപേർക്കായി ഇന്നും തിരച്ചിൽ തുടരും. അപകട സ്‌ഥലത്ത് 32 പേർ ഉണ്ടായിരുന്നതായാണ് പ്രാഥമിക നിഗമനം. ചികിൽസയിലിരുന്ന ഒരാൾകൂടി മരിച്ചതോടെ സർക്കാർ പത്ത് മരണം സ്‌ഥിരീകരിച്ചു. 12 പേർ ചികിൽസയിലാണ്.
അപകട സ്‌ഥലത്ത് നിന്ന് കണ്ടെത്തിയ ഒമ്പത് മൃതദേഹങ്ങളിൽ എട്ടെണ്ണം പോസ്‌റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. 32 ശരീര ഭാഗങ്ങളും ഒരു പൂർണ മൃതദേഹവുമാണ് ഇനി തിരിച്ചറിയാനുള്ളത്. ഇവയുടെ ഡിഎൻഎ പരിശോധനാ നടപടികൾ തുടരുകയാണ്.
വെടിക്കെട്ട് ഒഴിവാക്കി പൂരം എങ്ങനെ നടത്താമെന്ന കാര്യത്തിൽ ദേവസ്വങ്ങൾ തങ്ങളുടെ നിലപാട് ഇന്ന് രാവിലെ 10.30ന് തൃശൂർ കലക്‌ട്രേറ്റിൽ ചേരുന്ന യോഗത്തിൽ ദേവസ്വം മന്ത്രി വിഎൻ. വാസവൻ ഔദ്യോഗികമായി അറിയിക്കും. പൂരം നടത്തിപ്പിൽ ഏകപക്ഷീയമായ തീരുമാനം എടുക്കില്ലെന്ന് സർക്കാർ വ്യക്‌തമാക്കിയിട്ടുണ്ട്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.
ഇത്തവണത്തെ തൃശൂർ പൂരം വെടിക്കെട്ട് ഒഴിവാക്കി നടത്താൻ ദേവസ്വങ്ങൾക്കിടയിൽ ധാരണയായതായാണ് വിവരം. ദുരന്തത്തിൽ മരിച്ചവരോടുള്ള ആദരസൂചകമായി വ്യാഴാഴ്‌ച വരെ ദുഃഖാചരണം നടത്താനും വെള്ളിയാഴ്‌ച മുതൽ പൂരച്ചടങ്ങുകൾ പതിവുപോലെ തുടരാനുമാണ് ഇരുവിഭാഗങ്ങളും ആലോചിക്കുന്നത്.
പൂരത്തിന്റെ ആചാരമായ എഴുന്നള്ളിപ്പുകളും മേളങ്ങളും മുടക്കമില്ലാതെ നടത്തണമെന്നാണ് പൊതുവികാരം. 2006ൽ പൂരത്തിനിടെ വെടിക്കെട്ട് അപകടം ഉണ്ടായപ്പോഴും ആചാരങ്ങൾ മുടക്കാതെ പൂരം നടത്തിയ ചരിത്രമാണ് ദേവസ്വം അധികൃതർ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ



































