അമീബിക് മസ്‌തിഷ്‌ക ജ്വരം വർധിക്കാൻ സാധ്യത, ജാഗ്രത വേണം; ആരോഗ്യമന്ത്രി

വേനൽക്കാലമായതിനാൽ ജലസ്രോതസുകളിൽ വെള്ളത്തിന്റെ അളവ് കുറയുന്നത് കാരണം ചെളിയിലെ അമീബയുമായി സമ്പർക്കം കൂടുതലുണ്ടാകാൻ സാധ്യതയുണ്ട്. ശുദ്ധമല്ലാത്ത വെള്ളത്തിൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശിച്ചു.

By Senior Reporter, Malabar News
Amoebic Encephalitis
Ajwa Travels

തിരുവനന്തപുരം: വേനലായതിനാൽ അമീബിക് മസ്‌തിഷ്‌ക ജ്വരം (അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്) വർധിക്കാൻ സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കുളങ്ങളിലോ ജലാശയങ്ങളിലോ കുളിക്കുന്നവർ ശ്രദ്ധിക്കണമെന്ന് മന്ത്രി അറിയിച്ചു.

വേനൽക്കാലമായതിനാൽ ജലസ്രോതസുകളിൽ വെള്ളത്തിന്റെ അളവ് കുറയുന്നത് കാരണം ചെളിയിലെ അമീബയുമായി സമ്പർക്കം കൂടുതലുണ്ടാകാൻ സാധ്യതയുണ്ട്. ശുദ്ധമല്ലാത്ത വെള്ളത്തിൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. പൊതുസ്‌ഥലങ്ങളിലെ വെള്ളത്തിന്റെ ഗുണനിലവാരം ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിക്കുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യണം.

വാട്ടർ ടാങ്കുകൾ ചെളി കെട്ടിക്കിടക്കാതെ വൃത്തിയാക്കണം, സ്വിമ്മിങ് പൂളുകൾ, അമ്യൂസ്‌മെന്റ് പാർക്കുകൾ എന്നിവിടങ്ങളിലെ വെള്ളം ക്ളോറിനേറ്റ് ചെയ്‌ത്‌ ശുദ്ധമാക്കണം, ഇത്തരം ജലവുമായി ഏതെങ്കിലും രീതിയിൽ സമ്പർക്കം ഉണ്ടായിട്ടുള്ളവർക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി ചികിൽസ തേടണമെന്നും മന്ത്രി നിർദ്ദേശം നൽകി.

അമീബിക് മസ്‌തിഷ്‌കജ്വര ചികിൽസയ്‌ക്കും പ്രതിരോധത്തിനും കേരളം ശക്‌തമായ പ്രവർത്തനങ്ങളാണ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു. മികച്ച പ്രതിരോധ പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ മരണനിരക്ക് 25 ശതമാനമാക്കി കുറയ്‌ക്കാൻ സാധിച്ചു. രാജ്യത്തെ തന്നെ വിദഗ്‌ധരെ പങ്കെടുപ്പിച്ച് ശിൽപ്പശാല നടത്തി ആദ്യമായി അമീബിക് മസ്‌തിഷ്‌ക ജ്വരത്തിനായി പ്രത്യേകം പ്രോട്ടോകോൾ പുറപ്പെടുവിച്ചുവെന്നും മന്ത്രി വ്യക്‌തമാക്കി.

മെനിഞ്ചോ എൻസെഫലൈറ്റിസ്

വെള്ളത്തിൽ ജീവിക്കുന്ന നെയ്‌ഗ്‌ളേറിയ ഫൗളറി എന്ന അമീബയാണ് ഈ അപൂർവ്വരോഗത്തിന് കാരണം. ചെളി നിറഞ്ഞ ജലാശയങ്ങളിൽ കണ്ടുവരുന്ന നെയ്‌ഗ്‌ളേറിയ ഫൗളറി മനുഷ്യർ മുങ്ങിക്കുളിക്കുമ്പോൾ മൂക്കിലൂടെ ശിരസിൽ എത്തി തലച്ചോറിൽ അണുബാധ ഉണ്ടാക്കുന്നതാണ് രോഗം മാരകമാക്കുന്നത്.

മലിനമായ വെള്ളവുമായി സമ്പർക്കം പുലർത്തി ഒന്ന് മുതൽ രണ്ടു ആഴ്‌ചക്കുള്ളിൽ ലക്ഷണങ്ങൾ ആരംഭിക്കും. പനി, തലവേദന, ഛർദി, അപസ്‌മാരം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. സാധാരണയായി നീന്തുമ്പോൾ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിച്ചാണ് നെയ്‌ഗ്‌ളേറിയ ഫൗളറി ആളുകളെ ബാധിക്കുന്നത്.

അമീബ മൂക്കിലൂടെ തലച്ചോറിലേക്ക് എത്തുന്നു. അവിടെ അത് മസ്‌തിഷ്‌ക കോശങ്ങളെ നശിപ്പിക്കുകയും തലച്ചോറിന് വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. മലിനമായ വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും രോഗം വരാൻ കാരണമാകുന്നതിനാൽ അത് പൂർണമായും ഒഴിവാക്കുക.

Most Read| ‘ഒരിക്കൽ ഇന്ത്യയിൽ വന്നു നോക്കൂ, എന്നിട്ട് സംസാരിക്കൂ’; ട്രംപിനെ വിമർശിച്ച് ഇറാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE