തിരുവനന്തപുരം: സംസ്‌ഥാനത്ത് പവർ കട്ടില്ലെന്ന് ആവർത്തിച്ച് വൈദ്യുതി മന്ത്രി കെ. കൃഷ്‌ണൻകുട്ടി. ലോഡ് കൂടുമ്പോൾ ട്രിപ്പാകുന്നതാണ് നിലവിലെ പ്രശ്‌നങ്ങൾക്ക് കാരണമെന്നും, അത് പവർ കട്ട് മൂലമല്ലെന്നും മന്ത്രി വ്യക്‌തമാക്കി.
വൈദ്യുതി ഉപയോഗം കൂടുതലായി വരുമ്പോൾ ട്രിപ്പ് ആകുന്നതാണ് ഇപ്പോഴുള്ളത്. അത് അഞ്ചോ പത്തോ മിനിറ്റ് ആണ്. ട്രിപ്പ് ആകുന്നത് ലോഡ് ഷെഡിങ് അല്ല. അത് തമ്മിൽ വ്യത്യാസമുണ്ട്. സാഹചര്യം നോക്കിയിട്ട് ലോഡ് ഷെഡിങ് വേണോയെന്ന് തീരുമാനിക്കും. ഇപ്പോൾ വൈദ്യുതി ഉൽപ്പാദനം കൂടിയിട്ടുണ്ട്. 280 മെഗാവാട്ട് വൈദ്യുതി കിട്ടിയിട്ടുണ്ട്. ഇനിയും കൂടുതൽ കിട്ടിയാൽ ഒരു പ്രശ്‌നവും വരില്ലെന്നും മന്ത്രി വ്യക്‌തമാക്കി.
വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കെഎസ്ഇബി ഉദ്യോഗസ്‌ഥരും റെഗുലേറ്ററി കമ്മീഷനും പങ്കെടുത്ത അടിയന്തര യോഗത്തിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. അതേസമയം, വൈദ്യുതി പ്രതിസന്ധിക്ക് കാരണം കാലാവസ്‌ഥയിൽ വന്ന മാറ്റമാണെന്ന് മന്ത്രി പറഞ്ഞു.
പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിൽ റെഗുലേറ്ററി കമ്മീഷൻ കാലതാമസം ഉണ്ടാക്കിയെന്നും കമ്മീഷൻ നടപടി വൈകിയപ്പോൾ ബോർഡ് ഇടപെട്ടുവെന്നും മന്ത്രി വ്യക്‌തമാക്കി. ജല വൈദ്യുത പദ്ധതികളെല്ലാം പരിസ്‌ഥിതിയുടെ പേരിൽ തടസപ്പെടുത്തിയതാണ് പ്രതിസന്ധിക്ക് ഒരു കാരണമെന്നും മന്ത്രി കുറ്റപ്പെടുത്തി. ഇന്നലെ രാത്രി മഴ പെയ്‌തു. ഇന്ന് കാലാവസ്‌ഥ അനുകൂലമാണ്. അങ്ങനെ വന്നാൽ വൈദ്യുതി വാങ്ങേണ്ടിവരില്ല.
ഉഷ്‌ണതരംഗം ഇങ്ങനെയാകുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചോ? സംസ്‌ഥാനത്ത് വൈദ്യുതി വാഹനങ്ങൾ കൂടുതൽ ഉള്ളതും തിരിച്ചടിയായി. വീടുകളിൽ പാചക വാതകം കിട്ടാതായപ്പോൾ എല്ലാവരും ഇൻഡക്ഷൻ കുക്കറിലേക്ക് മാറി. ഗൾഫ് യുദ്ധം ആരെങ്കിലും പ്രതീക്ഷിച്ചോ? നിലവിലെ സാഹചര്യത്തിൽ വൈദ്യുതി ഉപയോഗം കുറയ്‌ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Most Read| ഡിജിറ്റൽ അറസ്‌റ്റ്; 9400 അക്കൗണ്ടുകൾ നിരോധിച്ചതായി വാട്‌സ് ആപ്പ്







































