തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ടതിന് പിന്നാലെ പിണറായി വിജയനെതിരെ വിമർശനവുമായി സിപിഐ നേതൃയോഗം. പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ആകുന്നതിനോട് സിപിഐ കേന്ദ്ര നേതൃത്വം എതിർപ്പ് പ്രകടിപ്പിച്ചതായാണ് വിവരം.
യോഗത്തിൽ പങ്കെടുത്ത ഭൂരിഭാഗം അംഗങ്ങളും പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നതിനോട് വിയോജിപ്പ് രേഖപ്പെടുത്തി. കേരളത്തിൽ അലയടിച്ചത് പിണറായി വിരുദ്ധ വികാരമാണ്. ഈ സാഹചര്യത്തിൽ നേതൃസ്ഥാനത്തേക്ക് പുതിയൊരാൾ വരണമെന്നാണ് യോഗത്തിൽ അഭിപ്രായം ഉയർന്നത്.
പിണറായി ശൈലി തോൽവിക്ക് ആക്കം കൂട്ടിയെന്നാണ് പൊതു അഭിപ്രായം. വീട്ടിൽ പോയി ചോദിക്കൂ, ഡാഷ് മോൻ, ചെറ്റത്തരം, തുടങ്ങിയ പ്രയോഗങ്ങൾ ജനങ്ങൾക്കിടയിൽ വലിയതോതിൽ അതൃപ്തിയുണ്ടാക്കി. ഇത്തരം പരുക്കൻ ശൈലിയും അഹങ്കാരമെന്ന് തോന്നിക്കുന്ന പെരുമാറ്റവും വോട്ടർമാരെ മുന്നണിയിൽ നിന്ന് അകറ്റാനുള്ള കാരണമായി. ഒരു മുഖ്യമന്ത്രിയിൽ നിന്ന് പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഇത്തരം പ്രയോഗങ്ങൾ തിരിച്ചടിയായതായും യോഗം വിലയിരുത്തി.
ഇതേ അഭിപ്രായം സിപിഐ എംപി. പി സന്തോഷ് കുമാറും പങ്കുവെച്ചു. ലജ്ജാകരവും നിരാശാജനകവുമായിരുന്നു തിരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ പ്രതിപക്ഷ നേതാവും പ്രതിപക്ഷ ഉപനേതാവും വരേണ്ടതിന്റെ ആവശ്യമുണ്ട്. ഭാവിയിലേക്ക് കൃത്യമായ ആസൂത്രണത്തോടെ പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Most Read| സമാധാന കരാറിലേക്ക്? ആവശ്യങ്ങൾ അംഗീകരിച്ചാൽ ഉപരോധം നീക്കാമെന്ന് യുഎസ്





































