കെസി വേണുഗോപാൽ മുഖ്യമന്ത്രി ആയാൽ ഉണ്ടാകുന്ന പ്രതിസന്ധികൾ

ആലപ്പുഴയിൽ നിന്നുള്ള ലോക്‌സഭാംഗമായും ദേശീയ പബ്‌ളിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനായും തുടരുന്ന മുൻ കേരള സംസ്‌ഥാന ടൂറിസം-ദേവസ്വം മന്ത്രിയും മുൻ കേന്ദ്ര സഹമന്ത്രിയും രാജസ്‌ഥാനിൽ നിന്നുള്ള മുൻ രാജ്യസഭ അംഗവും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ദേശീയ ജനറൽ സെക്രട്ടറിയുമായ കെസി വേണുഗോപാൽ കേരള മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌ എത്തിയാൽ ഉണ്ടാകുന്ന സാഹചര്യം വിലയിരുത്തുകയാണ് ഈ ലേഖനം.

By Desk Editor, Malabar News
The Risks if KC Venugopal Becomes Kerala CM
Image Courtesy: FB/KCVenugopalMP | Cropped by Team MN

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി കോൺഗ്രസ് നേതൃത്വത്തിലെ പ്രധാന ശക്‌തി കേന്ദ്രങ്ങളിൽ ഒരാളായ കെസി വേണുഗോപാൽ വരുമെന്ന രാഷ്‌ട്രീയ ചർച്ച അതിന്റെ അവസാന ലാപ്പിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. അങ്ങനെ സംഭവിച്ചാൽ അതുണ്ടാക്കുന്ന രാഷ്‌ട്രീയ, സാമ്പത്തിക, ഭരണ, സംഘടനാപരമായ ചെലവും റിസ്‌കും മറ്റുമാണ് നാം പരിശോധിക്കുന്നത്.

ഇന്ത്യൻ ഭരണഘടന പ്രകാരം ഒരു എംപിക്ക് നേരിട്ട് മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യാം. പക്ഷേ അത് താൽക്കാലികമാണ്. ആറുമാസത്തിനകം കേരള നിയമസഭയിലെ അംഗമാകണം. അതായത്, കെസി മുഖ്യമന്ത്രി ആയാൽ നിലവിൽ ആലപ്പുഴയിൽ നിന്നുള്ള എംപി ആയി തുടരുന്ന ഇദ്ദേഹം ആറുമാസത്തിനകം യുഡിഎഫിന്റെ ഏതെങ്കിലും സുരക്ഷിത മണ്ഡലത്തിലെ എംഎൽഎയെ ‘രാജിവെപ്പിച്ച’ ശേഷം അവിടെ ഇദ്ദേഹം മൽസരിച്ച് ജയിക്കണം. ഇല്ലങ്കിൽ ഇദ്ദേഹം മുഖ്യമന്ത്രി പദവി ഒഴിയേണ്ടിവരും.

വിജയിച്ചാൽ എംഎൽഎ സ്‌ഥാനം നിലനിർത്തി, എംപി സ്‌ഥാനം ഒഴിയണം. അവിടെ ഉപതിരഞ്ഞെടുപ്പ് നടത്തണം. നിലവിലെ പരിസ്‌ഥിതിയിൽ ഏറ്റവും സുരക്ഷിതമായ മണ്ഡലത്തിൽ നിന്നുപോലും ഇദ്ദേഹം ജയിച്ചുകയറാനുള്ള സാധ്യത തീരെ കുറവാണ്. കാരണം, ഈ വടംവലി കണ്ടുകൊണ്ടിരിക്കുന്ന യുഡിഎഫ് അനുകൂലികൾ ഉൾപ്പടെയുള്ള വോട്ടർമാർ ഇദ്ദേഹത്തെ ‘വിജയിപ്പിക്കും’ എന്ന ഉറച്ച പ്രതീക്ഷ ചോദ്യ ചിഹ്‌നമാണ്‌.

പരാജയപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി പദം ഒഴിയേണ്ടിവന്നാൽ കോൺഗ്രസ്‌ പാർട്ടിക്ക് സംസ്‌ഥാനം മുതൽ ദേശീയതലത്തിൽ വരെ അതുണ്ടാക്കുന്ന പ്രത്യാഘാതം അതീവ ഗുരുതരവും സങ്കീർണവുമായിരിക്കും. എംഎൽഎ ആയി വിജയിച്ചാലും വലിയ വെല്ലുവിളിയുണ്ട്, ഇദ്ദേഹം ഒഴിവാകുന്ന ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലേക്ക് ഉപതിരഞ്ഞെടുപ്പ് നടത്തണം. ഇവിടെയും പ്രവചനാതീതമായ സാഹചര്യം നിലനിൽക്കുന്നതിനാൽ കോൺഗ്രസ് ജയിക്കാനുള്ള സാധ്യത കുറവാണ്.

2024ൽ ഇദ്ദേഹം എംപിയായി ജയിച്ച സമയത്തെ വോട്ടുനില കെസി വേണുഗോപാൽ 4,04,560ഉം എൽഡിഫിൽ നിന്നുള്ള എഎം ആരിഫ് 3,41,047ഉം എൻഡിഎയിൽ നിന്നുള്ള ശോഭാ സുരേന്ദ്രൻ 2,99,648ഉം എന്നതാണ്. അതായത് കെസിയുടെ ലീഡ് 63,513 വോട്ടുമാത്രമാണ്.

ഈ മാർജിൻ മുഖ്യമന്ത്രിപദത്തിന് വേണ്ടിയുള്ള കടിപിടി കണ്ടുകൊണ്ടിരിക്കുന്ന വോട്ടർമാർ മാറ്റിമറിക്കാനുള്ള സാധ്യത വളരെകൂടുതലാണ്. ഈ റിസ്‌കുകൾ കൂടാതെ, ഇദ്ദേഹം എംപി സ്‌ഥാനം ഒഴിയുന്ന സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് മൽസരവും എംഎൽഎ സ്‌ഥാനത്തേക്ക്‌ ഇദ്ദേഹം മൽസരിക്കേണ്ടി വരുമ്പോഴുണ്ടാകുന്ന കോടികളുടെ തിരഞ്ഞെടുപ്പ് ചെലവുകളും വളരെ വലിയ സാമ്പത്തിക ബാധ്യതയാണ്.

എംപി സ്‌ഥാനത്തേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ സുരക്ഷ, ഇവിഎം, പോളിംഗ് സ്‌റ്റാഫ്‌, വാഹനങ്ങൾ, നിരീക്ഷകർ തുടങ്ങിയവയ്‌ക്ക് കേന്ദ്ര സർക്കാർ നികുതിപണത്തിൽ നിന്ന് ചെലവഴിക്കേണ്ടത് 10 കോടിക്ക് മുകളിലേക്കാണ്. ഇത് കൂടാതെ ഓരോ സ്‌ഥാനാർഥിയുടെയും പൊതുയോഗങ്ങൾ, റാലികൾ, പരസ്യങ്ങൾ, പോസ്‌റ്ററുകൾ, ബാനറുകൾ, വാഹനങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന പ്രചാരണ ചെലവ് 95 ലക്ഷം രൂപ. ഇത് പാർട്ടി പ്രവർത്തകർ നൽകിയ സംഭാവനയും മറ്റും ഉൾപ്പെടുന്ന പാർട്ടി ഫണ്ടിൽ നിന്നാണ് കണ്ടെത്തുക.

എംപി സ്‌ഥാനം രാജിവെച്ച ശേഷം ഇദ്ദേഹം മറ്റൊരു സുരക്ഷിത മണ്ഡലത്തിലെ എംഎൽഎയെ രാജിവെപ്പിച്ച ശേഷം അവിടെ മൽസരിക്കേണ്ട ചെലവ് വേറെയാണ്. ഒരു അസംബ്ളി ഉപതിരഞ്ഞെടുപ്പിന് സാധാരണയായി ₹2 കോടി മുതൽ ₹5 കോടി വരെ സർക്കാർ ചെലവ് വന്നേയ്‌ക്കും. സർക്കാർ ചെലവഴിക്കുന്നത് കൂടാതെ, നേരെത്തെ പറഞ്ഞതുപോലുള്ള പ്രചാരണ ചെലവുകൾ. നിലവിലെ കണക്ക് അനുസരിച്ച് ₹40 ലക്ഷം വരെ ഇതിനായി ഒരു സ്‌ഥാനാർഥി ചെലവഴിക്കണം.

മുൻപ് എംപി സ്‌ഥാനത്തേയ്‌ക്കും എംൽഎ സ്‌ഥാനത്തേയ്‌ക്കും മൽസരിച്ച് ജയിക്കാൻ ചെലവഴിച്ച സർക്കാർ/പാർട്ടി ഫണ്ടുകൾ പൂർണമായും വെള്ളത്തിൽ ഒഴുക്കിയതിന് തുല്യം. അത് കൂടാതെ എംപിമാർ അസംബ്ളി തിരഞ്ഞെടുപ്പിൽ മൽസരിക്കേണ്ടതില്ല എന്ന കോൺഗ്രസ്‌ നിലപാടിൽ കലിയടങ്ങാതെ നിൽക്കുന്ന കെ സുധാകരൻ ഉൾപ്പടെയുള്ളവരെ എങ്ങനെ അനുനയിപ്പിക്കും എന്നത് മറ്റൊരു വലിയ പ്രതിസന്ധിയായി ഉയർന്നുവരും.

ചുരുക്കത്തിൽ, എംഎൽഎ ആയി വിജയിക്കും എന്നുറപ്പില്ല. അഥവാ മഹാഭാഗ്യത്തിന് വിജയിച്ചാൽ രാജിവെയ്‌ക്കുന്ന ആലപ്പുഴ എംപി സ്‌ഥാനത്ത്‌ മറ്റൊരു കോൺഗ്രസ്‌ എംപി എത്താനുള്ള സാധ്യത നിലവിലെ സാഹചര്യത്തിൽ പ്രവചനാതീതവുമാണ്. എംഎൽഎ ആയി വിജയിച്ചില്ലെങ്കിൽ മുഖ്യമന്ത്രി പദം ഒഴിയേണ്ടി വന്നാൽ ഉണ്ടാകുന്ന ചെലവുകളും രാഷ്‌ട്രീയ പ്രതിസന്ധികളും വേറെ.

കേരളവും കെസി വേണുഗോപാലും

കെസി വേണുഗോപാൽ ദേശീയ കോൺഗ്രസ് സംഘടനയിലെ പ്രധാന മുഖമാണ്. ആധികാരികവും വിശ്വസനീയവുമാണ്. അക്കാര്യത്തിൽ ആർക്കും സംശയമില്ല. എന്നാൽ കേരളത്തിലെ രാഷ്‌ട്രീയം ‘നിലവിൽ’ വളരെ വൈകാരികമാണ്. അടിസ്‌ഥാന സ്‌പർശിയും, സമൂഹിക സംവേദനക്ഷമതയുള്ള നേതാവാണ് ഇപ്പോൾ കേരളത്തിൽ വേണ്ടത്. ഈ തലത്തിൽ കെസി വളരെ പിന്നിലാണ്. കാരണം, കെസി കേരളത്തിൽ നിന്ന് ഓർഗാനിക്കലി വളർന്ന നേതാവല്ല. പകരം ദേശീയ പിടിപാടുകൊണ്ട് കയറിപ്പോയ നേതാവാണ്. അതുകൊണ്ടു തന്നെ നിലവിലെ കേരളീയ സമൂഹത്തിനെയും ഇവിടുത്തെ രാഷ്‌ട്രീയത്തേയും കൈകാര്യം ചെയ്യുക എന്നത് ഇദ്ദേഹത്തിന് എളുപ്പമായിരിക്കില്ല.

ഇന്ന് അങ്ങേയറ്റത്തെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്‌ഥാനമായി കേരളം മാറിയിട്ടുണ്ട്. വെറും പത്തു വർഷം കൊണ്ട് അഥവാ 2016 മുതൽ 2026വരെ ഉണ്ടാക്കിയ പൊതുകട വർധനവ്: ₹3.93 ലക്ഷം കോടിയാണ്. ഇത് ഞെട്ടിക്കുന്ന കണക്കാണ്. അതായത് പലിശയും അസലും ചേർത്ത് 2026 മുതലുള്ള ഒരു വർഷത്തെ ശരാശരി തിരിച്ചടവ് ₹28,572 കോടിയാണ്. ഒപ്പം മൊത്തം സംസ്‌ഥാന ചെലവിന്റെ ഏകദേശം 71% ശതമാനത്തോളം ശമ്പളം, പെൻഷൻ, പലിശ ബാധ്യതകൾ എന്നിവയ്‌ക്കായി മാത്രം മാറ്റിവെയ്‌ക്കേണ്ട അവസ്‌ഥയിലാണ്‌ ഇന്ന് കേരളം ഉള്ളത്.

ഈ കണക്കിന്റെ വലിപ്പം മനസിലാക്കാൻ 1956 മുതൽ 2016 വരെയുള്ള 60 വർഷം കൊണ്ട് കേരളത്തിന്റെ ആകെ പൊതുകടം ഏകദേശം ₹1.57 ലക്ഷം കോടി മാത്രമായിരുന്നു എന്നതും കഴിഞ്ഞ പത്തുവർഷം കൊണ്ട് അത് ₹3.93 ലക്ഷം കോടി വർധിച്ച് ഏകദേശം ₹5.5 ലക്ഷം കോടിയിലെത്തി എന്നതും തിരിച്ചറിയണം.

ഇത്തരമൊരു കേരളത്തിൽ ജനപ്രീതിയില്ലാത്ത, കടുത്ത തീരുമാനങ്ങൾ എടുക്കേണ്ട സാഹചര്യം വന്നേക്കും. ചെലവ് നിയന്ത്രണം, നികുതി/വിഭവ പരിഷ്‌കാരങ്ങൾ, ക്ഷേമ പുനഃസംഘടന ഉൾപ്പടെ ജനകീയ പ്രതിഷേധം ഉയരാൻ സാധ്യതയുള്ള തീരുമാനങ്ങൾ നേരിടാൻ കെസി വേണുഗോപാലിനെ പോലെ ദേശീയ മുഖമുള്ള ഒരാൾക്ക് സാധിക്കുമോ എന്നതും വലിയ ചോദ്യമാണ്.

രാഷ്‌ട്രീയവും കെസി വേണുഗോപാലും

കണ്ണൂർ ജില്ലയിൽ പയ്യന്നൂർ താലൂക്കിലെ കടന്നപ്പള്ളി ഗ്രാമത്തിൽ കുഞ്ഞികൃഷ്‌ണൻ നമ്പ്യാരുടേയും ജാനകിയമ്മയുടേയും മകനായി 1963 ഫെബ്രുവരി 4ന് ജനിച്ച, 63കാരനായ കെസി 1987ൽ കെഎസ്‍യു സംസ്‌ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് സംസ്‌ഥാന രാഷ്‌ട്രീയ ശ്രദ്ധയിലേക്ക് വരുന്നത്. ഗണിതശാസ്‌ത്രത്തിൽ ഒന്നാം ബിരുദാനന്തര ബിരുദവും എൽഎൽ.ബിയുമുള്ള കെസി പിന്നീട് 8 വർഷം (19922000) യൂത്ത് കോൺഗ്രസ്‌ സംസ്‌ഥാന അധ്യക്ഷനായും പ്രവർത്തിച്ചു.

1996ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ആദ്യമായി ആലപ്പുഴയിൽ നിന്ന് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2001, 2006, വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ ആലപ്പുഴയിൽ നിന്നു തന്നെ നിയമസഭയിൽ അംഗമായി. 20042006ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ടൂറിസം,ദേവസ്വം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയായിരുന്നിട്ടുണ്ട്.

ഇടക്കാലത്ത് കെപിസിസി എക്‌സിക്യുട്ടീവ് അംഗമായും ഇരുന്നിട്ടുണ്ട്. 2009ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ സിറ്റിംഗ് എംപിയായിരുന്ന ഡോ. കെഎസ്. മനോജിനെ തോൽപ്പിച്ച് ആദ്യമായി ലോക്‌സഭയിൽ അംഗമായി. 2011 മുതൽ 2014 വരെ കേന്ദ്ര സഹമന്ത്രിയായും പ്രവർത്തിച്ചു. 2017 ഏപ്രിലിൽ എഐസിസി ജനറൽ സെക്രട്ടറിയായി.

2014ൽ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പിലും ആലപ്പുഴയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 2019ൽ ലോക്‌സഭ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ താൽപര്യപ്പെടാതിരുന്ന വേണുഗോപാലിനെ കോൺഗ്രസ് പാർട്ടി രാജസ്‌ഥാനിൽ നിന്നുള്ള രാജ്യസഭ അംഗമായി തിരഞ്ഞെടുത്തു. 2024ൽ വീണ്ടും ലോക്‌സഭയിലേക്ക് ആലപ്പുഴയിൽ നിന്ന് മൽസരിച്ച് ജയിച്ചു. ഇപ്പോൾ എംപിയും കോൺഗ്രസിന്റെ ദേശീയ സംഘടനാ ജനറൽ സെക്രട്ടറിയായും തുടരുന്നതിനൊപ്പം ദേശീയ തലത്തിലെ മറ്റൊരു ഉയർന്ന സ്‌ഥാനം കൂടി ഇദ്ദേഹം വഹിക്കുന്നുണ്ട്.

കെസി വേണുഗോപാലാണ് 2024 ഓഗസ്‌റ്റ്‌ മുതൽ ദേശീയ പബ്‌ളിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ. കേന്ദ്ര സർക്കാരിന്റെ വരുമാനവും ചെലവും ഓഡിറ്റ് ചെയ്യുന്നതിനായി പാർലമെന്റ് രൂപീകരിച്ച തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗങ്ങളുടെ ഒരു കമ്മിറ്റിയാണ് പബ്‌ളിക് അക്കൗണ്ട്‌സ് കമ്മിറ്റി. ലോക്‌സഭാ സ്‌പീക്കർ നടത്തുന്ന ഈ നിയമനം വലിയ ഉത്തരവാദിത്തമുള്ളതാണ്. ഈ സ്‌ഥാനം കൂടി ഇദ്ദേഹം മുഖ്യമന്ത്രി ആകുന്നതോടെ രാജിവയ്‌ക്കണം.

എന്തിനാണ് ഈ അനിശ്‌ചിതത്വം

വിമർശകർ പറയുന്നത്; അധികാര മോഹത്തിലാണ് 2024ൽ ഇദ്ദേഹം രാജസ്‌ഥാനിൽ നിന്നുള്ള രാജ്യസഭാ എംപി സ്‌ഥാനത്ത്‌ നിന്ന് രാജിവച്ചത്. രണ്ടുവർഷം കൂടി സമയം അവശേഷിക്കുന്ന സമയത്താണ് ഇദ്ദേഹം രാജ്യസഭാ എംപി സ്‌ഥാനം രാജിവെച്ചത്. രണ്ടാം ടേമിൽ ബിജെപി സഖ്യം അധികാരത്തിൽ വരില്ലെന്ന പ്രതീക്ഷയും കോൺഗ്രസ്‌ സഖ്യം അധികാരത്തിൽ എത്തിയാൽ കേന്ദ്രമന്ത്രിയാകാം എന്നുമായിരുന്നു കണക്ക് കൂട്ടൽ. കേരളത്തിലെ ആലപ്പുഴയിൽ നിന്ന് ലോക്‌സഭയിലേക്ക് മൽസരിക്കുകയും 63,513 വോട്ട് ഭൂരിപക്ഷത്തിന് വിജയിക്കുകയും ചെയ്‌തു. പക്ഷെ, കേന്ദ്രത്തിൽ അധികാരം ലഭിച്ചില്ല.

ഈ രാജി മറ്റൊരു അപകടം കൂടി ഉണ്ടാക്കി, അത് രാജസ്‌ഥാനിൽ നിന്ന് രാജ്യസഭാ എംപി സ്‌ഥാനം രാജിവെച്ച ഒഴിവിലേക്ക് പിന്നീട് കോൺഗ്രസ് എംപി ഉണ്ടായില്ല. ഈ ഒഴിവിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി നേതാവായ രവ്‌നീത് സിംഗ് ബിട്ടു എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

ഇപ്പോൾ എംപിയായ ഇദ്ദേഹത്തിന് ഇനി മൂന്നുവർഷം കൂടി ആ സ്‌ഥാനം വഹിക്കേണ്ടതുണ്ട്. കൂടാതെ, കോൺഗ്രസ്‌ ദേശീയ സംഘടനാ ജനറൽ സെക്രട്ടറിയും ദേശീയ പബ്‌ളിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനായും തുടരുന്ന ദേശീയ നേതാവാണ് ഇന്ന് കെസി വേണുഗോപാൽ. ഇദ്ദേഹം അധികാരമോഹം തലക്ക് പിടിച്ചാണ് കേരളത്തിലെ മുഖ്യമന്ത്രിപദത്തിന് വേണ്ടി കേരളത്തിലെ വോട്ടർമാരെയും പാർട്ടിയെയും അനിശ്‌ചിതാവസ്‌ഥയിൽ എത്തിക്കുന്നതെന്ന് പറയുന്നവരോട് എന്ത് ന്യായമാണ് കോൺഗ്രസ് നിരത്തുക?

അങ്ങിനെയൊരു താൽപര്യം ഉണ്ടായിരുന്നു എങ്കിൽ, തിരഞ്ഞെടുപ്പിൽ എന്തിനാണ് ഇദ്ദേഹം ഉൾപ്പെടുന്ന ദേശീയ നേതൃത്വം എംപിമാർ അസംബ്ളിയിൽ മൽസരിക്കാൻ പാടില്ല എന്ന നിലപാട് എടുത്തത്? അത്തരമൊരു നിലപാട് എടുത്ത ദേശീയ നേതൃത്വം ഇപ്പോൾ എങ്ങിനെയാണ് വേണുഗോപാലിനെ കേരളം മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌ കൊണ്ടുവരിക? നീളുന്നതാണ് യുക്‌തിഭദ്രമായ ചോദ്യങ്ങൾ.

മാത്രവുമല്ല, കേരളത്തിൽ നിലവിൽ മുഖ്യമന്ത്രി സ്‌ഥാനം വഹിക്കാൻ സാധിക്കുന്ന, പാർട്ടിയെ സംസ്‌ഥാനത്ത്‌ മുന്നിൽ നിന്ന് നയിച്ച നേതാക്കൾ എംഎൽമാരായി വിജയിച്ചിട്ടുണ്ട്. അത്തരം നേതാക്കൾ ഉള്ളപ്പോൾ എന്തിനാണ് കെസിയെപോലെ ഒരു ദേശീയ നേതാവിനെ കേരളത്തിലെ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌ തിരുകികയറ്റുന്നത്?

ഒട്ടനേകം പ്രതിസന്ധികൾ സൃഷ്‌ടിച്ച്‌, വലിയ ചെലവുകൾ സമൂഹത്തിന് മുകളിൽ അടിച്ചേൽപ്പിച്ച്, വോട്ടർമാരെ ആകെമാനം പരിഹസിച്ച് നടത്തുന്ന അത്തരമൊരു നീക്കം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തെ വരെ ചോദ്യം ചെയ്യാൻ കരണമാകില്ലേ? ദേശീയതലത്തിൽ അത് ചർച്ചയാവുകയും കോൺഗ്രസ്‌ പാർട്ടിക്ക് കൂടുതൽ ക്ഷീണം ഉണ്ടാക്കുകയും ചെയ്യില്ലേ എന്നിങ്ങനെ നീളുന്ന സ്വതന്ത്ര നിരീക്ഷകരുടെ ചോദ്യങ്ങളും അന്തരീക്ഷത്തിലുണ്ട്.

വെല്ലുവിളി ചെറുതല്ല

2014ന് ശേഷം ദേശീയ രാഷ്‌ട്രീയത്തിൽ കൂടുതൽ സജീവമായതിനാൽ, കേരളത്തിലെ ദൈനംദിന വിഷയങ്ങളിൽ നിന്നും വാർത്തകളിൽ നിന്നും കെസി വേണുഗോപാൽ കുറെയേറെ അകലെയാണ് എന്ന വിമർശനം നിലനിൽക്കുന്നു. ആലപ്പുഴയിൽ വ്യക്‌തിപരമായ സ്വാധീനവും രാഷ്‌ട്രീയ അടിത്തറയും കെസിക്ക് ഉണ്ടങ്കിലും, കഴിഞ്ഞ ഒരു ദശാബ്‌ദത്തിനിടെ വളർന്ന ആദ്യ വോട്ടർമാർ, യുവ ഡിജിറ്റൽ കാലഘട്ടത്തിലെ വോട്ടർമാർ, രാഷ്‌ട്രീയമായി പുതിയ തലമുറ എന്നിവരിൽ അതേ തോതിലുള്ള ജനകീയത ഉണ്ടോ എന്നത് രാഷ്‌ട്രീയമായി പരിശോധിക്കപ്പെടുന്ന പ്രധാന ചോദ്യമാണ്.

ഇപ്പോൾ സകല വാർത്തകളിലും സാമൂഹിക മാദ്ധ്യമങ്ങളിലും, പ്രത്യേകിച്ചും യുവതലമുറ ഇദ്ദേഹത്തിന്റെ പേര് കേട്ടുകൊണ്ടിരിക്കുന്നത്, ഒരു പ്രതിയോഗിയായാണ്. മുഖ്യമന്ത്രിപദം തട്ടിയെടുക്കാൻ വന്ന ഒരാളായാണ് ഇദ്ദേഹം ചിത്രീകരിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ, വിഡി സതീശനിൽ വിശ്വാസമർപ്പിച്ച ഈ യുവസമൂഹത്തിന് കെസിയെ പരിചിതമാക്കുക എന്നത് ഹിമാലയൻ വെല്ലുവിളിയാണ്.

കൂടാതെ, എംപിമാരെ മൽസരിക്കാൻ അനുവദിക്കില്ല എന്ന കോൺഗ്രസ് മുൻ ന്യായീകരണം, ഇദ്ദേഹം മുഖ്യമന്ത്രി ആയാൽ ഉണ്ടാകുന്ന ഉപതിരഞ്ഞെടുപ്പ് ചെലവുകൾ, ഇതിൽ എവിടെയെങ്കിലും കോൺഗ്രസ് പരാജയപ്പെട്ടാൽ ഉണ്ടാകുന്ന പ്രതിസന്ധികൾ ഉൾപ്പടെ ഒട്ടനേകം യാഥാർഥ്യങ്ങളെ അഡ്രസ് ചെയ്യുന്നതോടെ സംസ്‌ഥാനത്തും കോൺഗ്രസ്‌ തിരിച്ചു കയറൽ അസാധ്യമായ നിലയിലേക്ക് വീഴാനുള്ള സാധ്യത നിരീക്ഷകർ ചൂണ്ടികാണിക്കുന്നു.

MOST READ | ബംഗാൾ ഇനി ബിജെപി നയിക്കും; മുഖ്യന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്‌ഞ ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE