ന്യൂഡെൽഹി: കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം ഇന്ന് തന്നെയെന്ന് സൂചന. ഹൈക്കമാൻഡ് തലത്തിൽ നിർണായക യോഗങ്ങൾ നടക്കുകയാണ്. വൈകീട്ട് 5.30ന് രാഹുൽ ഗാന്ധി- മല്ലികാർജുൻ ഖാർഗെ കൂടിക്കാഴ്ച തീരുമാനിച്ചതിന് പിന്നാലെ, കേരളത്തിന്റെ ചുമതലയുള്ള ഐഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി തിരുവനന്തപുരത്തേക്ക് പുറപ്പെട്ടതായാണ് വിവരം.
ഇതോടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് രാത്രിയോടെ തന്നെ ഉണ്ടാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. വൈകീട്ട് ആറരയോടെ ദീപാദാസ് മുൻഷി തിരുവനന്തപുരത്തെത്തും. ഈ സമയത്താകും ഡെൽഹിയിൽ യോഗം അവസാനിക്കുക. മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം തിരുവനന്തപുരത്ത് വെച്ച് നടന്നേക്കുമെന്നാണ് അഭ്യൂഹം.
മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് ഒറ്റപ്പേരിൽ എത്തിയെന്നാണ് സൂചന. കേരളത്തിൽ ഉരുത്തിരിഞ്ഞ പ്രതിഷേധങ്ങൾ തണുപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം നീളുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മൂന്ന് നേതാക്കളെയും ഉൾക്കൊണ്ടുള്ള ഫോർമുലയാകും ഹൈക്കമാൻഡ് അവതരിപ്പിക്കുക എന്നാണ് വിവരം.
തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാത്തതിൽ ഘടകകക്ഷികൾക്കിടയിലും കടുത്ത അതൃപ്തി നിലനിൽക്കുന്നുണ്ട്. 15ആം കേരള നിയമസഭയുടെ കാലാവധി അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ എന്നതിനാൽ എത്രയും പെട്ടെന്ന് ഒരു തീരുമാനത്തിൽ എത്തേണ്ടത് അനിവാര്യമാണ്.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ






































