തിരുവനന്തപുരം: പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും വകുപ്പുകളിൽ അന്തിമ വിജ്ഞാപനമായില്ല. ഗവർണർ അംഗീകരിച്ച് തിങ്കളാഴ്ച വൈകീട്ടോടെ വിജ്ഞാപനം ഇറക്കാനായിരുന്നു ധാരണ. എന്നാൽ ഫിഷറീസ് വകുപ്പ് ആർക്ക് നൽകണമെന്നത് സംബന്ധിച്ചുള്ള ആശയക്കുഴപ്പമാണ് തടസങ്ങൾക്ക് കാരണം.
ഫിഷറീസ് ലീഗിന് കൊടുക്കരുതെന്ന് കോൺഗ്രസിലെ ഒരു വിഭാഗവും ലത്തീൻ സഭയും ആവശ്യപ്പെടുന്നു. ഉന്നത വിദ്യാഭ്യാസം കോൺഗ്രസിന് നൽകണമെങ്കിൽ ഫിഷറീഫ് വേണമെന്ന് ലീഗ് ആവശ്യപ്പെടുന്നു. ഇതാണ് പ്രധാന തർക്കം. സമുദായാംഗമായ മന്ത്രിക്കോ കടലിനെ അറിയുന്നവർക്കോ ഫിഷറീസ് നൽകണമെന്നാണ് ലത്തീൻ സഭയുടെ ആവശ്യം.
അതനുസരിച്ച് ഫിഷറീസ് ഷിബു ബേബി ജോണിന് നൽകിയാൽ വനം മറ്റൊരാളെ ഏൽപ്പിക്കേണ്ടിവരും. ഷിബു വനം വകുപ്പിന്റെ പ്രവർത്തനങ്ങളിലേക്ക് കടന്നിരുന്നു. ഇത് സംബന്ധിച്ച് ഇന്ന് കൂടിയാലോചനകൾ നടക്കുമെന്നാണ് വിവരം.
തീരുമാനമായ വകുപ്പുകൾ: മുഖ്യമന്ത്രി വിഡി. സതീശൻ (ധനം, നിയമം, തുറമുഖം, തുറമുഖം), പികെ. കുഞ്ഞാലിക്കുട്ടി (വ്യവസായം, ഐടി), രമേശ് ചെന്നിത്തല (ആഭ്യന്തരം, വിജിലൻസ്), സണ്ണി ജോസഫ് (റവന്യൂ), കെ. മുരളീധരൻ (ആരോഗ്യം), മോൻസ് ജോസഫ് (ജലവിഭവം), കെഎ. തുളസി (പട്ടികവിഭാഗം, പിന്നാക്കക്ഷേമം) ബിന്ദു കൃഷ്ണ (വനിത, ശിശുക്ഷേമം), മോൻസ് രജിസ്ട്രേഷൻ കൂടി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഭവനനിർമ്മാണം നൽകാനാണ് കോൺഗ്രസിന് താൽപര്യം.
എപി. അനിൽകുമാർ (വൈദ്യുതി), പിസി. വിഷ്ണുനാഥ് (ടൂറിസം, സാംസ്കാരികം), സിപി. ജോൺ (ഗതാഗതം), റോജി എം ജോൺ (ഉന്നത വിദ്യാഭ്യാസം), എം. ലിജു (എക്സൈസ്), എൻ. ഷംസുദ്ദീൻ (പൊതുവിദ്യാഭ്യാസം, ന്യൂനപക്ഷം, വഖഫ്), കെഎം.ഷാജി (തദ്ദേശം), ഒജെ. ജനീഷ് (യുവജനക്ഷേമം) എന്നിവരുടെ വകുപ്പുകൾ സംബന്ധിച്ച് സൂചനകൾ ഉണ്ടെങ്കിലും സ്ഥിരീകരണമില്ല.
കൃഷി വകുപ്പിൽ ടി. സിദ്ദിഖിന്റേയും അനൂപ് ജേക്കബിന്റെയും പേരുകളുണ്ട്. വിഇ. അബ്ദുൽ ഗഫൂറിന് പൊതുമരാമത്ത് നൽകിയേക്കുമെന്നാണ് സൂചന. പൊതുമരാമത്തോ തദ്ദേശമോ വേണമെന്ന നിലപാടിലാണ് പികെ. ബഷീർ.
Most Read| രാജ്യത്ത് വീണ്ടും ഇന്ധനവില വർധിപ്പിച്ചു; ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണ


































