കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി വെന്തുമരിച്ച സംഭവം ആത്മഹത്യയാകാമെന്ന നിഗമനത്തിൽ പോലീസ്. കാർ കത്തിയതിൽ സോനയുടെ ഭർത്താവ് രജിൻ ലാലിന് പങ്കില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പോലീസിന് മനസിലായത്.
രജിനുമായുള്ള വാക്കുതർക്കത്തെ തുടർന്ന് മനംനൊന്ത് സോന ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. മരണത്തിന് മുൻപും താൻ അനുഭവിച്ച പീഡനങ്ങൾ സഹോദരിയോട് സോന പറഞ്ഞിരുന്നു. ഇതേദിവസം വൈകീട്ട് സഹോദരിക്കൊപ്പം പേരാമ്പ്രയിൽ എത്തിയ സോന കന്നാസിൽ പെട്രോൾ വാങ്ങുകയായിരുന്നു.
ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ 13ആം വാർഡിൽ വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. മരിച്ച സോന ആറുമാസം ഗർഭിണിയായിരുന്നു. ബന്ധുവീട്ടിൽ നിന്ന് രജിൻ ലാലിനൊപ്പം വീട്ടിലേക്ക് പോകുന്നവഴി കൈയ്യിൽ കരുതിയിരുന്ന പെട്രോളിൽ സോന തീയിട്ടതാകാമെന്ന നിഗമനത്തിലാണ് പോലീസ്.
സോനയും ഭർത്താവ് രജിൻ ലാലും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. അപകടം നടന്ന ദിവസം സോന ബന്ധുവിന്റെ വീട്ടിലായിരുന്നു. അന്ന് പുറത്തുപോയ സോന എന്തെല്ലാം കാര്യങ്ങൾ ചെയ്തുവെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. അന്ന് വൈകിട്ടാണ് സോനയെ രജിൻ ലാൽ വന്നു വിളിച്ചുകൊണ്ടുപോയത്. വീട്ടിലേക്കുള്ള വഴിയിലാണ് അപകടമുണ്ടായത്.
Most Read| യൂത്തിന്റെ പാറ്റ കൂട്ടായ്മ; ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ എക്സ് അക്കൗണ്ട് പൂട്ടിച്ചു



































