കാസർഗോഡ്: ചെർക്കള ദേശീയപാതയിൽ മേൽപ്പാലം നിർമാണത്തിന്റെ ഭാഗമായി കൂട്ടിയിട്ട മണ്ണ് കനത്ത മഴയിൽ വീടുകളിലേക്ക് ഒലിച്ചിറങ്ങുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്ത്. ദേശീയ പാത ഉപരോധിച്ച് നാട്ടുകാർ സമരം നടത്തി.
ഇതൊരു സൂചനാ സമരമാണെന്നും പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി. പ്രതിഷേധത്തെ തുടർന്ന് റവന്യൂ അധികൃതർ ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി. മേൽപ്പാലത്തിന്റെ തൂണുകൾക്ക് സമീപം താൽക്കാലികമായി ബണ്ട് നിർമിച്ച് വെള്ളമൊഴുക്ക് തടയാൻ തീരുമാനിച്ചു.
വെള്ളം ഓവുചാലിലൂടെ വിടാനുള്ള നടപടികൾ ഉടൻ ആരംഭിക്കും. നിർമാണ കമ്പനിയിലെ പരമാവധി തൊഴിലാളികളെയും സാമഗ്രികളും എത്തിച്ചു എത്രയും പെട്ടെന്ന് ജോലി പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് മറ്റു പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് ആർഡിഒ ഓഫീസിൽ നാളെ പ്രത്യേക യോഗം ചേരാനും തീരുമാനിച്ചു.
Most Read| സിഎംആർഎല്ലിന് തിരിച്ചടി; ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി



































