ബത്തേരി: കോളിയാടി മാർ ബസേലിയോസ് എയുപി സ്കൂളിലെ രണ്ട് വിദ്യാർഥികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച മുതൽ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് സുൽത്താൻ ബത്തേരിയിലെ വിവിധ ആശുപത്രികളിലായി ചികിൽസയിൽ ആയിരുന്ന വിദ്യാർഥികളുടെ പരിശോധനാ ഫലമാണ് ഇന്ന് പുറത്തുവന്നത്.
പനിയും ഛർദിയും വയറിളക്കവും ബാധിച്ച് മുന്നൂറോളം വിദ്യാർഥികളാണ് വിവിധ ആശുപത്രികളിലായി ചികിൽസ തേടിയത്. ആശുപത്രി വിട്ടുപോയ കുട്ടികളിൽ പലരും സമാന ലക്ഷണങ്ങളോടെ വീണ്ടും ചികിൽസ തേടിയെത്തുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.
ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ആരോഗ്യമന്ത്രി കെ. മുരളീധരൻ നാളെ വയനാട് സന്ദർശിക്കും. കോഴിക്കോട് മെഡിക്കൽ കോളേജ് പീഡിയാട്രിക് വിഭാഗം അസോസിയേറ്റ് പ്രഫ. ഡോ. ഷബീലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ധ സംഘം ഇതിനോടകം ആശുപത്രികൾ സന്ദർശിച്ചു കുട്ടികളെ പരിശോധിച്ചിട്ടുണ്ട്.
ബത്തേരി താലൂക്കാശുപത്രി, അമ്പലവയൽ എച്ച്എഫ്സി എന്നിവിടങ്ങളിലാണ് സംഘം പരിശോധന നടത്തിയത്. കുട്ടികളുടെ രക്തം, മലം എന്നിവയുടെ സാമ്പിളുകളാണ് പരിശോധനക്ക് അയച്ചിരുന്നത്. നിലവിൽ ചികിൽസയിലുള്ള കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
Most Read| കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി



































