കോഴിക്കോട്: നിപ്പ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രതാ നിർദ്ദേശം. രാമനാട്ടുകര നഗരസഭാ പരിധിയിലെ ഫാറൂഖ് കോളേജിന് സമീപം താമസിക്കുന്ന 43 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയിലായ രോഗിയെ സ്വകാര്യ ആശുപത്രിയിൽ നിന്നും ബുധനാഴ്ച അർധരാത്രിയോടെ മെഡിക്കൽ കോളേജിൽ പ്രത്യേകം സജ്ജീകരിച്ച ഐസലേഷൻ വാർഡിലെ വെന്റിലേറ്ററിലേക്ക് മാറ്റി.
സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ മെഡിക്കൽ കോളേജിലെ വിആർഡിഎൽ ലാബിൽ നടത്തിയ സ്രവ പരിശോധനയിലാണ് നിപ്പ സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പിന്റെ മെഡിക്കൽ പ്രോട്ടോകോൾ അനുസരിച്ച് രോഗിയിൽ നിന്നെടുത്ത സ്രവ സാമ്പിൾ പൂണെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഫലം വന്നതിന് ശേഷമാണ് ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുക.
കാടുപിടിച്ച് കിടക്കുന്ന സ്ഥലത്തോട് ചേർന്നുള്ള ഒരു ഗോഡൗൺ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഈ യുവാവ് വൃത്തിയാക്കിയിരുന്നു. ഇവിടെ വവ്വാലുകളുടെ സാന്നിധ്യം ഉണ്ടായിരുന്നതായി സൂചനയുണ്ട്. ശേഷം വീട്ടിലെത്തിയ യുവാവിന് കടുത്ത പനി ഉണ്ടായിരുന്നു. രണ്ടു ദിവസം ഫറോക്കിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി.
തുടർന്ന് വീട്ടിലെത്തിയ യുവാവിന് ഓർമ്മക്കുറവ് ഉൾപ്പടെ മസ്തിഷ്ക ജ്വരത്തിന് സമാനമായ ചില ലക്ഷണങ്ങൾ അനുഭവപ്പെട്ടു. പണി മൂർച്ഛിച്ചതോടെ കോഴിക്കോട് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്നാണ് നിപ്പ പരിശോധന കൂടി നടത്തിയത്. രോഗിയുടെ കുടുംബാംഗങ്ങളിൽ നിലവിൽ ആർക്കും രോഗലക്ഷണമില്ല. മുൻകരുതൽ ഭാഗമായി വീട്ടിലുള്ളവരെ ക്വാറന്റെയ്നിലേക്ക് മാറ്റി.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിയന്ത്രണങ്ങൾ
നിപ ഐസൊലേഷൻ വാർഡ് പ്രവർത്തിക്കുന്നതിനാൽ PAY Ward മേഖലയിലും പരിസര പ്രദേശങ്ങളിലും രോഗനിയന്ത്രണത്തിന്റെയും സുരക്ഷയുടെയും ഭാഗമായി താഴെ പറയുന്ന ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്. രോഗികളുടെ സുരക്ഷയും രോഗവ്യാപനം തടയുന്നതും മുൻനിർത്തിയാണ് ഈ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാവരുടെയും സഹകരണവും പിന്തുണയും അഭ്യർഥിക്കുന്നതായും മെഡിക്കൽ കോളേജ് സൂപ്രണ്ട് പുറപ്പെടുവിച്ച ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
1. സാവിത്രി ദേവി സാബു (SDS) ബ്ളോക്കിലേക്കുള്ള പ്രവേശന വഴി പൂർണമായും നിരോധിച്ചിരിക്കുന്നു.
2. സാവിത്രി ദേവി സാബു (SDS) ബ്ളോക്കിലേക്കുള്ള പ്രവേശന കവാടം അടച്ചിട്ടിരിക്കുന്നതിനാൽ ജീവനക്കാരും രോഗികളും ഉൾപ്പെടെ എല്ലാവരും അനുവദിച്ചിട്ടുള്ള മറ്റ് വഴികൾ ഉപയോഗിച്ച് മാത്രം പ്രവേശിക്കേണ്ടതാണ്.
3. ഡിസ്ചാർജ് ചെയ്യുന്ന രോഗികൾ ഉൾപ്പടെ ആശുപത്രിയുടെ മെയിൻ ഗേറ്റ് വഴി പുറത്തുപോകേണ്ടതാണ്.
4. നിപ ഐസൊലേഷൻ വാർഡ് പ്രവർത്തിക്കുന്ന പ്രദേശത്തേക്ക് അനാവശ്യമായി പ്രവേശിക്കുകയോ സഞ്ചരിക്കുകയോ ചെയ്യരുത്.
5. ആശുപത്രിയിലെ എല്ലാ വിഭാഗം ജീവനക്കാരും, രോഗികളും, കൂട്ടിരിപ്പുകാരും മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
6. സാവിത്രി ദേവി സാബു (SDS) ബ്ളോക്ക് പരിസരത്ത് വാഹന പാർക്കിങ് അനുവദിക്കുന്നതല്ല.
Most Read| കരാറിലെത്താൻ വൈകി, ഇറാൻ വലിയ വില നൽകേണ്ടി വരും; മുന്നറിയിപ്പുമായി ട്രംപ്



































