തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്‌ടം. ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടി. മൂന്നുമരണം റിപ്പോർട് ചെയ്‌തു. തൊടുപുഴയ്‌ക്കടുത്ത് കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതി മരിച്ചു.
വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ബന്ധം വൈക്കം സ്വദേശി പ്രഭാകരൻ നായർ (72) മരിച്ചു. കോട്ടയം പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ വീട് ഇടിഞ്ഞുവീണ് മണക്കാട്ട് ജോസഫിൻ ജോണി (24) മരിച്ചു. ഉപ്പുതറയിൽ പോലീസ് ജീപ്പിന് മുകളിൽ മണ്ണിടിഞ്ഞുവീണു. പോലീസുകാർ വാഹനം നിർത്തി ഇറങ്ങിയതിനാൽ ആർക്കും പരിക്കില്ല.
ഇടുക്കി ഏലപ്പാറ ചെമ്മണ്ണ് ഭാഗത്ത് വീടിനുമുകളിൽ മണ്ണിടിഞ്ഞ് വീണു. ഈരാറ്റുപേട്ട- വാഗമണ്ണിൽ റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗതതടസവും ഉണ്ടായി. കെകെ റോഡിൽ വെള്ളം കയറി. കോട്ടയത്തിന്റെ കിഴക്കൻ മേഖലയിലാണ് അതിശക്‌തമായ മഴ. മൂന്നിലവിൽ ഉരുൾപൊട്ടി. കെഎസ്ആർടിസി പാലാ ഡിപ്പോയിലെ ഡ്രൈവർ രാജേഷിന്റെ വീട് പൂർണമായും ഒലിച്ചുപോയി.
മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ വിവിധയിടങ്ങളിലും നേരിയ ഉരുൾപൊട്ടൽ ഉണ്ടായി. ആറ് കേന്ദ്രങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കൂട്ടിക്കൽ പഞ്ചായത്തിലെ കൊടുങ്ങയിലും ഉരുൾപൊട്ടി. കൂട്ടിക്കൽ ടൗണിൽ വെള്ളം കയറി, മുണ്ടക്കയം കോസ്‌വേ വെള്ളത്തിലായി. ഈരാറ്റുപേട്ട ടൗണും വെള്ളത്തിലായി. നടക്കൽ, മുരിക്കോരി ഭാഗങ്ങളിൽ വെള്ളം കയറി.
പമ്പ, മണിമല, മീനച്ചിൽ നദികൾ കരകവിഞ്ഞു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ മുന്നറിയിപ്പിനെ തുടർന്ന് സംസ്‌ഥാനത്തെ ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോട്ടയം, പതനമിട്ട, ആലപ്പുഴ, വയനാട്, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് അവധി.
Most Read| മൂന്നുപതിറ്റാണ്ട് നീണ്ട പൗണ്ട് കീപ്പർ ജോലി; അവസാന ജീവനക്കാരിയും പടിയിറങ്ങി


































