ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ യുദ്ധം മൂലമുള്ള പ്രതിസന്ധി സാഹചര്യത്തിനിടയിലും പലിശഭാരം ഉയർത്താതെ പുതിയ പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ തുടരും. അടുത്ത രണ്ടുമാസത്തേക്ക് ഭവന, വാഹന, വ്യക്‌തിഗത വായ്‌പകളുടെ പലിശ നിരക്കിലും മാറ്റമുണ്ടാകില്ല.
ന്യൂട്രൽ നിലപാട് തുടരാനും പണനയ നിർണയ സമിതി (എംപിസി) തീരുമാനിച്ചതായി റിസർവ് ബാങ്ക് ഗവർണർ സഞ്‌ജയ് മൽഹോത്ര പറഞ്ഞു. പശ്‌ചിമേഷ്യൻ പ്രതിസന്ധി വിതരണ ശൃംഖലയെ ബാധിച്ചെന്ന് റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു. എന്നാൽ, ആഭ്യന്തര സമ്പദ്‌വ്യവസ്‌ഥ മികച്ച പ്രകടനമാണ് നടത്തുന്നത്. മാനുഫാക്‌ചറിങ് മേഖലയും കോർപറേറ്റ് പ്രവർത്തന ഫലങ്ങളും മികവ് പുലർത്തി.
സ്വകാര്യ നിക്ഷേപം, ഉപഭോക്‌തൃ ചെലവാക്കലുകൾ, ആഭ്യന്തര ഉപഭോഗം, ഉൽപ്പന്ന-സേവന കയറ്റുമതി എന്നിവയും മെച്ചപ്പെട്ടു. ഇത് ഏപ്രിൽ- ജൂണിൽ പ്രതീക്ഷിച്ചതിനേക്കാൾ വളരാൻ ഇന്ത്യൻ സമ്പദ്‌വ്യവസ്‌ഥയെ സഹായിച്ചു. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ പെട്ടെന്നുള്ള മാറ്റങ്ങൾക്ക് മുതിരാതെ വിപണിയിലെ സ്‌ഥിരത ഉറപ്പാക്കാനാണ് ആർബിഐ ലക്ഷ്യമിടുന്നത്.
തുടർച്ചയായി നാലാം തവണയാണ് റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ നിലനിർത്തുന്നത്. എണ്ണ വിലയിലെ ഏറ്റക്കുറച്ചിൽ, വിദേശ നിക്ഷേപ വരവ്, പണപ്പെരുപ്പം ഉയരാനുള്ള സാധ്യത എന്നിവയാണ് ആർബിഐ നേരിടുന്ന വെല്ലുവിളി. വിദേശനാണ്യ നിക്ഷേപത്തിൽ വർധനവ് ഉണ്ടായത് ആർബിഐക്ക് ആത്‌മവിശ്വാസം നൽകിയിട്ടുണ്ട്.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം






































