കോഴിക്കോട്: നിപ്പ വൈറസ് രോഗത്തെ അതിജീവിച്ച ഫറോക്ക് സ്വദേശിയായ 43-കാരൻ പൂർണ ആരോഗ്യവാനായി ആശുപത്രി വിട്ടതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്ന ഫറോക്ക് സ്വദേശിയെ ഇന്നാണ് ഡിസ്ചാർജ് ചെയ്തത്.
സർക്കാരിന്റെയും ജനപ്രതിനിധികളുടെയും ജില്ലാ ഭരണകൂടത്തിന്റെയും ഭാഗത്തുനിന്ന് മികച്ച പിന്തുണയാണ് ലഭിച്ചതെന്ന് പറഞ്ഞ രോഗിയും കുടുംബവും പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിച്ചാണ് ആശുപത്രി വിട്ടത്. നിലവിൽ രോഗി പൂർണ ആരോഗ്യവാനാണെന്നും പരസഹായമില്ലാതെ നടക്കാൻ കഴിയുന്നുണ്ടെന്നും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.
പനി പൂർണമായി ഭേദമാവുകയും ഓർമശക്തി സാധാരണ നിലയിലാവുകയും ചെയ്തിട്ടുണ്ട്. നേരത്തെ തലച്ചോറിൽ ഉണ്ടായിരുന്ന തകരാറുകൾ നല്ല രീതിയിൽ കുറഞ്ഞതായി സ്കാനിങ്ങിൽ വ്യക്തമായതായും ഡോക്ടർമാർ അറിയിച്ചു.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നതിനിടെ നിപ്പ സംശയത്തെ തുടർന്ന് സാമ്പിളുകൾ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ വൈറൽ റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിലേക്കും പൂണെ ഐസിഎംആറിലേക്കും അയച്ച് ജൂൺ പത്തിനാണ് രോഗം സ്ഥിരീകരിക്കുന്നത്.
തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ജൂൺ 11ന് പുലർച്ചെ പ്രത്യേക ഐസൊലേഷൻ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കുകയും ചെയ്തിരുന്നു. മോണോക്ളോറൽ ആന്റിബോഡി ജൂൺ 12, 13 തീയതികളിൽ രണ്ടുഡോസ് വീതം നൽകി. റെംഡിസിവർ, റിബാവിറിൻ ആന്റിബയോട്ടിക്കുകൾ ഉൾപ്പടെ കൃത്യമായി നൽകി.
ആരോഗ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് റെംഡിസിവർ മരുന്ന് ബഹ്റൈനിൽ നിന്ന് എത്തിച്ചത്. ഒന്നരമാസത്തോളം രോഗി വെന്റിലേറ്റർ സഹായത്തിൽ തുടർന്നു. ജൂലൈ നാലിന് ഐസൊലേഷൻ ഐസിയുവിൽ നിന്ന് ട്രാൻസിറ്റ് ഐസിയുവിലേക്ക് മാറ്റി. സ്വയം ശ്വസിക്കാൻ തുടങ്ങിയതോടെ വെന്റിലേറ്ററിൽ നിന്ന് പൂർണമായി മാറ്റുകയും സ്ഥിതി കൂടുതൽ മെച്ചപ്പെട്ടതോടെ ജൂലൈ 31ന് റൂമിലേക്ക് മാറ്റുകയുമായിരുന്നു. പിന്നാലെയാണ് ഇന്ന് ഡിസ്ചാർജ് ചെയ്തത്.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം





































