തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻക്കാർക്കുമുള്ള സൗജന്യ ചികിൽസാ പദ്ധതിയായ മെഡിസെപ് പൊളിച്ചെഴുതുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. ഇൻഷുറൻസ് കമ്പനിക്ക് പണം കിട്ടാൻ വേണ്ടി മാത്രം തുടങ്ങിയ പദ്ധതി പോലെയാണ് മെഡിസെപ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉദ്യോഗസ്ഥരിൽ നിന്ന് പണം വാങ്ങിയിട്ടും പ്രധാനപ്പെട്ട ആശുപത്രികളിലൊന്നും ചികിൽസ ലഭ്യമാക്കാതെയാണ് പദ്ധതി മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
മെഡിസെപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആശുപത്രികളുടെ പട്ടികയിൽ കൂടുതലുള്ളത് കണ്ണാശുപത്രികളാണ്. ഇത് നേത്ര ചികിൽസയ്ക്ക് വേണ്ടി മാത്രമുള്ള പദ്ധതിയാണെന്ന് തോന്നിപ്പോകുമെന്നും മുഖ്യമന്ത്രി തമാശരൂപേണ പറഞ്ഞു. പദ്ധതിയിൽ വിശദമായ പരിശോധനകൾ നടത്തും. കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്തി സമഗ്രമായ ഒരു പൊളിച്ചെഴുത്ത് നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read| യുപിഐ ഇടപാടുകൾ സൗജന്യമായി തുടരും; നിയമഭേദഗതി ബിൽ രാജ്യസഭ പാസാക്കി



































