ന്യൂഡെൽഹി: സിജെപിയുടെ വിദ്യാർഥി സമരത്തിൽ പോലീസ് നടത്തിയ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ യുവാവിനൊപ്പം പോലീസ് സ്റ്റേഷനിലെത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജൂലൈ 20ന് നടന്ന പ്രതിഷേധ മാർച്ചിനിടെ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ സാഹിൽ എന്ന വിദ്യാർഥിക്കൊപ്പമാണ് രാഹുൽ ഗാന്ധി പരാതി നൽകാൻ എത്തിയത്.
കേസ് എടുക്കാതെ പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് രാഹുൽ പോലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം തുടരുകയാണ്. വിദ്യാർഥിയുടെ പരാതിയിൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറാകാത്തതിനെ തുടർന്നാണ് പാർലമെന്റ് സ്ട്രീറ്റിലുള്ള സെൻട്രൽ ഡെൽഹി കമ്മീഷണർ ഓഫ് പോലീസിന്റെ ഓഫീസിലേക്ക് രാഹുൽ നേരിട്ടെത്തിയത്.
കേസ് രജിസ്റ്റർ ചെയ്യാതെ മടങ്ങില്ലെന്ന കർശന നിലപാടിലാണ് അദ്ദേഹം. ഡിസിപി ഓഫീസിലെത്തിയ അദ്ദേഹം പോലീസ് നടപടിയെ കുറിച്ചുള്ള അന്വേഷണം ഏത് ഘട്ടത്തിലാണെന്നും ഇതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്നും ഉദ്യോഗസ്ഥരോട് ആരാഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
സിജെപി പ്രതിഷേധത്തിനിടെ ‘സൻസദ് ചലോ’ മാർച്ചിൽ വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് ഗൺ പ്രയോഗിച്ചതിൽ ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. പോലീസ് നടപടിയിൽ 19കാരനായ സാഹിൽ ലോചബ് ഉൾപ്പെടെയുള്ളവർക്ക് പരിക്കേൽക്കുകയും അദ്ദേഹത്തിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കാവുന്ന അവസ്ഥയിൽ ആവുകയും ചെയ്തിരുന്നു.
എന്നാൽ, സമരക്കാർക്ക് നേരെ പെല്ലറ്റ് ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു ഡെൽഹി പോലീസിന്റെയും സർക്കാരിന്റെയും വാദം. ഈ വാദങ്ങൾ പൊളിച്ചുകൊണ്ട്, പരിക്കേറ്റ വിദ്യാർഥികളെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കുകയും ശരീരത്തിൽ നിന്ന് പെല്ലറ്റുകൾ നീക്കം ചെയ്തതിന്റെ മെഡിക്കൽ രേഖകൾ പുറത്തുവിടുകയും ചെയ്തുകൊണ്ട് രാഹുൽ ഗാന്ധി പ്രതിഷേധം ശക്തമാക്കിയിരുന്നു.
Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്ഭുത പ്രതിഭാസം, കാരണംതേടി ശാസ്ത്രജ്ഞർ






































