കോട്ടയം: സംസ്‌ഥാനത്ത് വിവിധ ജില്ലകളിൽ മഴ കനക്കുന്നു. കോട്ടയം, ഇടുക്കി ജില്ലകളിൽ ശക്‌തമായ മഴയാണ് പെയ്യുന്നത്. അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് ഇരു ജില്ലകളിലും ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ ശക്‌തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.
ഇടുക്കി ജില്ലയിലെ വട്ടവടയിൽ ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ടുപേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. മൂന്നാറിൽ നിന്ന് 40 കിലോമീറ്റർ അകലെ കോട്ടക്കമ്പൂർ അമ്മൻ കോവിലിന് സമീപമാണ് അപകടമുണ്ടായത്. ചിന്നമ്മ, ബാലചന്ദ്രൻ എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന മാരിയമ്മയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലപ്പുറം ടികെ കോളനിയിൽ കോട്ടപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽ നാലുപേർ ഒഴുക്കിൽപ്പെട്ടു. ഒരാളുടെ മൃതദേഹം കണ്ടെത്തി. ഈരാറ്റുപേട്ട- വാഗമൺ റോഡിൽ കാരികാട് ടോപ്പിന് സമീപം റോഡിലേക്ക് മണ്ണിടിഞ്ഞ് വീണു. രണ്ട് കാറുകളുടെ വശങ്ങളിലേക്കാണ് മണ്ണിടിഞ്ഞത്. ആർക്കും പരിക്കില്ല. റോഡിൽ മണിക്കൂറുകളോളം ഗതാഗത തടസം നേരിട്ടു. മൂന്ന് മണിക്കൂറിന് ശേഷം രാത്രി ഏഴുമണിയോടെയാണ് ഗതാഗതക്കുരുക്ക് മാറിയത്.
വെള്ളിക്കുളം, തീക്കോയി മേഖലകളിലും കനത്ത മഴ പെയ്യുന്നുണ്ട്. തീക്കോയി വേലത്തുശ്ശേരിയിൽ മണ്ണിടിഞ്ഞ് വീണ് ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെട്ടു. ഒരു സ്‌ത്രീയുടെ നില അതീവ ഗുരുതരമാണ്. തമിഴ്‌നാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.
മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലൂടെയുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നാണ് നിർദ്ദേശം. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്‌ഥാനത്ത് മഴ തുടരുന്നത്.
Most Read| ഇനി ജനന-മരണ രജിസ്‌ട്രേഷൻ കർശനം; ഒക്‌ടോബർ ഒന്നുമുതൽ പുതിയ നിയമം





































