ന്യൂഡെൽഹി: എസ്ഐആർ അടക്കമുള്ള സുപ്രധാന വിഷയങ്ങളിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾക്കിടയിൽ ഭിന്നത ഉയർന്നിരുന്നുവെന്ന റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധവുമായി കോക്രോച്ച് ജനത പാർട്ടി രംഗത്ത്.
48 മണിക്കൂറിനുള്ളിൽ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് സിജെപി ആവശ്യപ്പെട്ടു. അല്ലത്തപക്ഷം സിജെപി വീണ്ടും രാജ്യവ്യാപക സമരം ആരംഭിക്കുമെന്നും അഭിജീത് ദീപ്കെ മുന്നറിയിപ്പ് നൽകി. ഡെൽഹിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ദീപ്കെ ഉൾപ്പടെയുള്ള സിജെപി നേതാക്കൾ.
”മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറാണ് ഏറ്റവും വലിയ ദേശവിരുദ്ധൻ. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഭീഷണിയായ അദ്ദേഹം രാജി വയ്ക്കണം. 48 മണിക്കൂറിനുള്ളിൽ രാജിവെച്ചില്ലെങ്കിൽ സിജെപി രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കും. അദ്ദേഹം രാജിവെക്കുന്നതുവരെ ഞങ്ങൾ പിന്നോട്ടില്ല”- ദീപ്കെ പറഞ്ഞു.
ഗ്യാനേഷ് കുമാറിന്റെ രാജി കൂടാതെ, എസ്ഐആർ നടപടികൾ മരവിപ്പിക്കുക, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ നിർത്തിവയ്ക്കുക എന്നീ ആവശ്യങ്ങളും സിജെപി ഉന്നയിച്ചിട്ടുണ്ട്. എസ്ഐആറിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നത രൂക്ഷമെന്ന വിവരം വലിയ രാഷ്ട്രീയ വിവാദമായിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരടങ്ങിയ കമ്മീഷനിലാണ് ഭിന്നതകൾ നിലനിന്നിരുന്നത്.
എസ്ഐആറുമായി ബന്ധപ്പെട്ട് കൈക്കൊണ്ട നടപടികൾ തങ്ങളെ അറിയിക്കാതെ നടത്തിയതിൽ സുഖ്ബീറും വിവേകും വിയോജിപ്പുകൾ പ്രകടിപ്പിച്ചിരുന്നെന്നാണ് റിപ്പോർട്. എസ്ഐആർ നടപടികളുടെ ഭാഗമായി രാജ്യത്തെ കോടികണക്കിന് ആളുകളുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തിരുന്നു. രണ്ട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കുന്ന വിധത്തിൽ ഇത് മാറുകയും ചെയ്തിരുന്നു.
ഇത് നിയമവിരുദ്ധമെന്ന് ആരോപിച്ച് സുഖ്ബീറും വിവേകും രേഖാമൂലം ഗ്യാനേഷ് കുമാറിന് പരാതി നൽകിയിരുന്നു. കഴിഞ്ഞ പത്തുമാസത്തിനിടെ 14 തവണയാണ് ഇരുവരും വിയോജിപ്പ് രേഖപ്പെടുത്തിയത്. തങ്ങളുടെ അനുമതിയില്ലാതെ കൈക്കൊണ്ടിരിക്കുന്ന തീരുമാനങ്ങൾ പലതും നിയമവിരുദ്ധമാണെന്ന് സുഖ്ബീറും വിവേകും ഫയലിൽ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി




































