ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിന് ഇന്ന് മുംബൈയിൽ തുടക്കം. മഹാരാഷ്ട്ര സർക്കാർ അനുമതി നിഷേധിച്ച ശിവാജി പാർക്കിൽ തന്നെ പ്രതിഷേധം നടക്കുമെന്ന് അഭിജിത് ദീപ്കെ പറഞ്ഞു. സമരം അടിച്ചമർത്താൻ മഹാരാഷ്ട്ര പോലീസ് ഇടപെട്ടാൽ പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറാനാണ് സാധ്യത.
അതേസമയം, സമരം മുംബൈയിൽ മാത്രം ഒതുങ്ങില്ലെന്നും വരും ദിവസങ്ങളിൽ മറ്റു പ്രധാന നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും ദീപ്കെ വ്യക്തമാക്കി. ഗ്യാനേഷ് കുമാർ രാജിവയ്ക്കുക, അദ്ദേഹത്തിനെതിരെ ക്രിമിനൽ കുറ്റം ചുമത്തുക എന്നിവയാണ് പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ. കൂടാതെ, എസ്ഐആർ നടപടികൾ അടിയന്തരമായി നിർത്തിവെക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കണമെന്നും സിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.
ഒക്ടോബർ അവസാനത്തോടെ ജന്തർ മന്തറിൽ സമാപിക്കുന്ന തരത്തിലാണ് സമര പരിപാടികൾ. ഗ്യാനേഷ് കുമാർ രാജ്യദ്രോഹിയാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആകാൻ അർഹനല്ലെന്നും ദീപ്കെ പറഞ്ഞു. ഗ്യാനേഷ് കുമാർ രാജിവെച്ചില്ലെങ്കിൽ മോദിയുടെ രാജി ആവശ്യപ്പെടുമെന്നും ദീപ്കെ പറഞ്ഞു.
അദ്ദേഹം അമിത് ഷായുടെയും നരേന്ദ്രമോദിയുടെയും കളിപ്പാവയാണ്. 2024 മുതൽ വോട്ടർ പട്ടികയിൽ നിന്ന് 13 കോടി പേരുടെ പേരുകൾ നീക്കം ചെയ്തിട്ടുണ്ട്. 2024ലെ തിരഞ്ഞെടുപ്പിൽ എൻഡിഎയും ഇന്ത്യ സഖ്യവും തമ്മിലുള്ള വോട്ട് വ്യത്യാസം വെറും 2 ശതമാനം മാത്രമായിരുന്നു. രാജ്യത്ത് ജനാധിപത്യം ഉണ്ടെന്നത് മിഥ്യാധാരണയാണ്. യഥാർഥ ജനാധിപത്യമില്ലെന്നും ദീപ്കെ കൂട്ടിച്ചേർത്തു.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം





































